കള്ളപ്പണ വേട്ടയിൽ നാഴികക്കല്ല്: ഇന്ത്യാക്കാരുടെ സ്വിസ് നിക്ഷേപങ്ങളുടെ ആദ്യ വിവരങ്ങൾ കിട്ടി

By Web TeamFirst Published Oct 7, 2019, 6:40 PM IST
Highlights
  • ഇന്ത്യയടക്കമുള്ള 75 രാജ്യങ്ങൾക്കാണ് സ്വിറ്റ്‌സര്‍ലന്റിലെ ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷൻ വിവരങ്ങൾ കൈമാറിയിരിക്കുന്നത്
  • ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷൻ സ്വിറ്റ്സർലന്റിലെ 7500 സ്ഥാപനങ്ങളില്‍ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്

ദില്ലി: സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യാക്കാരുടെ വിവരങ്ങളുടെ ആദ്യഭാഗം കേന്ദ്രസർക്കാരിന് കിട്ടി. ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ കരാർ പ്രകാരം 75 രാജ്യങ്ങൾക്ക് കൈമാറിയ വിവരങ്ങളിലാണ് ഇന്ത്യാക്കാരുടെ വിവരങ്ങളും ഉള്ളത്. ഇത് കള്ളപ്പണ നിയന്ത്രണത്തിനുള്ള നീക്കത്തിൽ നിർണ്ണായക നാഴികക്കല്ലാവും എന്നാണ് കരുതുന്നത്.

ഇന്ത്യയടക്കമുള്ള 75 രാജ്യങ്ങൾക്കാണ് സ്വിറ്റ്‌സര്‍ലന്റിലെ ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷൻ വിവരങ്ങൾ കൈമാറിയിരിക്കുന്നത്. അതത് രാജ്യങ്ങളുടെ പൗരന്മാരുടെ നിക്ഷേപങ്ങൾ സംബന്ധിച്ച് സുപ്രധാന വിവരങ്ങളുടെ ആദ്യഭാഗമാണ് ലഭിച്ചത്. വിവരങ്ങളുടെ രണ്ടാം ഭാഗം 2020 സെ‌പ്‌തംബറിൽ ലഭിക്കും.

സ്വിസ് ബാങ്കിൽ 2018 വരെ നിലനിർത്തിയിരുന്നതും എന്നാലിന്ന് നിഷ്‌ക്രിയമായതും, ഇപ്പോഴും സജീവമായ അക്കൗണ്ടുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.  അക്കൗണ്ട് ഉടമ പേര്, ഇടപാട് തുക, വിലാസം, നികുതി നമ്പര്‍ എന്നിവയാണ് കൈമാറിയിരിക്കുന്നത്. ബാങ്കുകള്‍, ട്രസ്റ്റുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയടക്കം 7500 സ്ഥാപനങ്ങളില്‍ നിന്നാണ് ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷൻ ഈ വിവരങ്ങള്‍ ശേഖരിച്ചത്. വളരെ രഹസ്യ സ്വഭാവമുള്ളതാണ് ഇപ്പോൾ കൈമാറിയിരിക്കുന്ന വിവരങ്ങൾ. 

click me!