
ദില്ലി: നബിവിരുദ്ധ പരാമർശം ഇന്ത്യയുമായി ചർച്ച ചെയ്തെന്ന ഇറാൻറെ പ്രസ്താവന തള്ളി ഇന്ത്യ. മതനിന്ദയ്ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചതായുള്ള വാർത്താക്കുറിപ്പ് ഇറാനും പിൻവലിച്ചു.
നുപൂർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ നബി വിരുദ്ധ പ്രസ്താവന ഇറാനുമായി ചർച്ച ചെയ്തില്ലെന്ന് വിദേശകാര്യവക്താവ് വ്യക്തമാക്കി. ഇന്നലെ ഇന്ത്യയുമായുള്ള ചർച്ചകളിൽ വിദേശകാര്യമന്ത്രി ഇക്കാര്യം ഉന്നയിച്ചതായി ഇറാൻ പ്രസ്താവന ഇറക്കിയിരുന്നു. മറ്റുള്ളവർക്ക് താക്കീതാകുന്ന തരത്തിലുള്ള നടപടി സ്വീകരിക്കും എന്ന് ഇന്ത്യ അറിയിച്ചതായും ഇറാൻ വാർത്താകുറിപ്പിൽ പറഞ്ഞു. ഈ വാർത്താക്കുറിപ്പ് ഇറാൻ പിന്നീട് പിൻവലിച്ചു. അനൗപചാരികമായി സംസാരിച്ച കാര്യം ഉൾപ്പെടുത്തിയതിൽ ഇന്ത്യ അതൃപ്തി അറിയിച്ചതായാണ് സൂചന. എന്നാൽ പല രാജ്യങ്ങളുമായും സംസാരിക്കുന്നുണ്ടെന്ന് വിദേശകാര്യവക്താവ് സമ്മതിച്ചു.
ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന പ്രചാരണം കെട്ടടങ്ങുന്നു എന്നാണ് വിദേശകാര്യമന്ത്രാലയത്തിനറെ വിലയിരുത്തൽ. നുപുർ ശർമ്മയ്ക്കും നവീൻകുമാർ ജിൻഡാലിനുമെതിരെ ദില്ലി പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു. ശിവലിംഗത്തെക്കുറിച്ചുള്ള പരാമർശത്തിൽ മാധ്യമപ്രവർത്തക സബാ നഖ്വിയ്ക്കെതിരെയും വിദ്വേഷം പ്രചരിപ്പിച്ചു എന്നാരോപിച്ച് അസദുദ്ദീൻ ഒവൈസിക്കെതിരെയും ദില്ലി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
അതിർത്തികളിലെ ചൈനയുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുമായി കമാൻഡർ തല ചർച്ച ഉടൻ ഉണ്ടാകും. ഇതിന് തീയതി നിശ്ചയിച്ചിട്ടില്ല. അമേരിക്കൻ ജനറലിന്റെ പരാമർശം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ആയതിനാൽ പ്രതികരിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam