പാക് പ്രധാനമന്ത്രിയുടെ നിർദ്ദേശം തള്ളി ഇന്ത്യ; 'നയതന്ത്രതലത്തിൽ ഭീകരവാദം ഒഴികെ ഒരു വിഷയവും ചർച്ച ചെയ്യാനില്ല'

Published : May 16, 2025, 01:11 PM IST
പാക് പ്രധാനമന്ത്രിയുടെ നിർദ്ദേശം തള്ളി ഇന്ത്യ; 'നയതന്ത്രതലത്തിൽ ഭീകരവാദം ഒഴികെ ഒരു വിഷയവും ചർച്ച ചെയ്യാനില്ല'

Synopsis

ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്‍റെ നിർദ്ദേശം ഇന്ത്യ തള്ളി. പാകിസ്ഥാനുമായി ചർച്ച ചെയ്യാൻ ഒന്നുമില്ലെന്ന് ഇന്ത്യ.

ദില്ലി: സമഗ്ര ചർച്ചയ്ക്ക് തയ്യാറെന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം തള്ളി ഇന്ത്യ. നയതന്ത്രതലത്തിൽ ഭീകരവാദം ഒഴികെ ഒരു വിഷയവും പാകിസ്ഥാനുമായി ചർച്ച ചെയ്യാനില്ലെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. അതിർത്തിയിലെ വെടിനിറുത്തൽ ഞായറാഴ്ച വരെ നീട്ടാൻ ഇരു രാജ്യങ്ങളുടെയും സേനകൾ തീരുമാനിച്ചു. സിന്ധു നദീജലകരാർ മരവിപ്പിച്ച സാഹചര്യത്തിൽ ചിനാബ് നദിയിൽ കൂടുതൽ ഡാമുകൾ പണിയാൻ ഇന്ത്യ നീക്കം തുടങ്ങി.

ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന നിർദ്ദേശം പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫാണ് മുന്നോട്ടുവച്ചത്. മോദിയോട് സംസാരിക്കാനും താൻ തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ് ഒരു മാധ്യമത്തോട് പറഞ്ഞു. പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധറും ഇക്കാര്യം ആവർത്തിച്ചു. എന്നാൽ ചർച്ചയില്ലെന്ന് ഇന്നലെ എസ് ജയശങ്കർ പറഞ്ഞ നിലപാടിൽ ഉറച്ച് നില്‍ക്കുകയാണെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. ഉറിയിലെ ആക്രമണത്തിന് ശേഷം പാകിസ്ഥാനുമായി ഇന്ത്യ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. ഈ അവസരം ഉപയോഗിച്ച് ചർച്ചകൾ വീണ്ടും തുടങ്ങാനും ഇതിന് യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ആർജ്ജിക്കാനുമാണ് പാകിസ്ഥാൻ നോക്കുന്നത്. സൈനിക നടപടി അവസാനിപ്പിക്കാൻ നടന്ന ചർച്ചകൾ തല്ക്കാലം സേന തലത്തിൽ മതിയെന്നാണ് ഇന്ത്യയുടെ തീരുമാനം. രണ്ട് ഡിജിഎംഒമാരും ഇനി ഞായറാഴ്ച ചർച്ച നടത്തും. അതുവരെ വെടിനിറുത്തൽ തുടരാനാണ് തീരുമാനം.

അതിർത്തിയിൽ നിന്ന് അധികം സേനയെ പിൻവലിക്കാനും പരസ്പര വിശ്വാസം കൂട്ടാനുമുള്ള കൂടുതൽ നീക്കങ്ങൾ അടുത്ത രണ്ട് ദിവസത്തിൽ സ്വീകരിക്കാനാണ് ധാരണ. സേന പിൻമാറ്റത്തെ സിന്ധു നദീജലകരാറുമായി കൂട്ടിക്കെട്ടാനുള്ള പാക് നീക്കവും ഇന്ത്യ അനുവദിക്കില്ല. സലാൽ, ബാഗ്ലിഹാ‍‍ർ ഡാമുകളിലെ എക്കൽ നീക്കം ചെയ്യാനുള്ള നടപടി ഇന്ത്യ ഉടൻ തുടങ്ങും. ഇതിനായി വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുക്കുന്നതിനെ നേരത്തെ പാകിസ്ഥാൻ എതിർത്തിരുന്നു. എക്കൽ നീക്കുന്നതിലൂടെ കൂടുതൽ ജലം ഡാമുകളിൽ സംഭരിക്കാനും ഇന്ത്യയ്ക്ക് കഴിയും. പാകിസ്ഥാൻ്റെ എതിർപ്പ് കാരണം നിറുത്തി വച്ച രത്ലെ, പകുൽ തുടങ്ങി നാലു ഡാമുകളുടെ നിർമ്മാണം തുടങ്ങുന്നത് വേഗത്തിലാക്കാനുമാണ് ഇന്ത്യുയുടെ നീക്കം. ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ സർവ്വകക്ഷി സംഘത്തെ യൂറോപ്പിലേക്കും ഗൾഫിലേക്കും അയക്കാനും സർക്കാർ നീക്കം തുടങ്ങി. ശശി തരൂർ, സുപ്രിയ സുലെ, സൽമാൻ ഖുർഷിദ്, കനിമൊഴി, അസദുദ്ദീൻ ഒവൈസി തുടങ്ങിയ നേതാക്കളെ ഇതിൽ പങ്കുചേരാൻ സർക്കാർ ക്ഷണിച്ചു എന്നാണ് സൂചന.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം