
ദില്ലി: ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം അസംബന്ധമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മേഖലയിൽ യുദ്ധ പ്രതീതി നിലനിർത്താനാണ് പാക്കിസ്ഥാൻ ഈ ആരോപണം ഉന്നയിച്ചതെന്നും, ഭീകരർക്ക് ഇന്ത്യയെ ആക്രമിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നും വിമർശിച്ചു.
"പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരവും അസംബന്ധവുമായ ഈ ആരോപണം തള്ളിക്കളയുന്നു. മേഖലയിൽ യുദ്ധഭ്രാന്ത് നിലനിർത്താനുള്ള പരിശ്രമമാണ് ഇത്. ഭീകരർക്ക് ഇന്ത്യയെ ആക്രമിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് പാക്കിസ്ഥാൻ. ഭീകരാക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യ വിവരം ലഭിച്ചാൽ നയതന്ത്ര സ്ഥാപനങ്ങൾ വഴി അത് കൈമാറുകയാണ് വേണ്ടത്. അതിർത്തി കടന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും," വിദേശകാര്യ വക്താവ് വ്യക്തമാക്കി.
പാകിസ്ഥാനെ ഈ മാസം ഇന്ത്യ ആക്രമിക്കുമെന്ന വിവരം കിട്ടിയതായാണ് ഇന്ന് പാക് വിദേശകാര്യമന്ത്രി പറഞ്ഞത്. ഈ മാസം 16നും 20നും ഇടയിൽ ഇന്ത്യ ആക്രമണം നടത്തുമെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ സ്രോതസ്സുകളിൽ നിന്ന് വിവരം കിട്ടിയതായി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൂടുതൽ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ഖുറേഷി വ്യക്തമാക്കിയിരുന്നു.
മുള്‍ട്ടാനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷാ മഹ്മൂദ് ഖുറേഷി. ലഭിച്ച വിവരത്തില്‍ ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്ന സമയത്തെക്കുറിച്ച് ധാരണയുണ്ട്. എന്നാല്‍ അത് ഇപ്പോള്‍ വിശദമാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യയുടെ ഭരണാധികാരികള്‍ യുദ്ധവെറിയിലാണെന്നും ഖുറേഷി ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam