
ദില്ലി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്നും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നുമുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിപ്പോര്‍ട്ടിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഇന്ത്യയിലെ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്കടക്കം എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് വിദേശ രാജ്യം നല്‍കുന്ന വിശ്വാസ്യത ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ അതിന്‍റെ മതേതര പാരമ്പര്യത്തില്‍ അഭിമാനിക്കുന്നു. സഹിഷ്ണുതയും വൈവിധ്യ ജനവിഭാഗത്തെ ഉള്‍ക്കൊള്ളുന്നതുമായ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്‍റെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശങ്ങള്‍ ഉറപ്പു വരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലേറിയ മോദി സര്‍ക്കാറിനെ അടിസ്ഥാനമില്ലാതെ വിമര്‍ശിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് 2018 എന്ന പേരില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനമുള്ളത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഗോസംരക്ഷകരുടെ ആക്രമണവും ആള്‍കൂട്ട ആക്രമണവും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. എന്നാല്‍, റിപ്പോര്‍ട്ടിലെ ആരോപണങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ തള്ളി. റിപ്പോര്‍ട്ടില്‍ ആരോപിക്കുന്ന സംഭവങ്ങളില്‍ ഭൂരിഭാഗവും ചില കുറ്റവാസന മനോഭാവമുള്ളവര്‍ പ്രാദേശികമായി ചെയ്യുന്നതാണെന്ന് ബിജെപി നേതാവ് അനില്‍ ബലൂനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വതന്ത്ര്യ നീതിന്യായ വ്യവസ്ഥയും ആഴത്തിലുള്ള ജനാധിപത്യവുമാണ് ഇന്ത്യയിലുള്ളതെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണ് യുഎസ് റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാവര്‍ക്കും വികസനം' എന്നതാണ് മോദി സര്‍ക്കാര്‍ മുദ്രാവാക്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam