
ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളില്‍ 64 ശതമാനത്തിലധികം കേരളത്തില്‍. കഴിഞ്ഞ ദിവസം 37593 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 648 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ കഴിഞ്ഞ ദിവസം 24296 കൊവിഡ് കേസുകളും 173 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ കൊവിഡ് സ്ഥിതിഗതികള്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടടക്കം നിയന്ത്രണങ്ങള്‍ ഒഴിവാക്കുമ്പോഴും കേരളത്തില്‍ നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ന് മുകളില്‍ പോയിരുന്നു. ഓണാഘോഷങ്ങളെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്‌തേക്കാം.
അടുത്ത രണ്ടാഴ്ച അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തും ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 61.90 ലക്ഷം ആളുകള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് വാക്‌സിനേഷന്‍ നല്‍കിയത്.
കേരളത്തിലെ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കി കൊവിഡ് ബാധിതരുടെ നിരക്ക് കുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചു. കൊവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ വേഗത്തില്‍ എല്ലാവര്‍ക്കും ഒരുഡോസ് വാക്‌സിനെങ്കിലും നല്‍കുകയാണ് സര്‍ക്കാറിന്റെ ആദ്യപരിഗണന. കൊവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തോടൊപ്പം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര, ദില്ലി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം 2000ത്തിന് താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയില്‍ 100ന് താഴെയാണ് കേസുകള്‍.
ഓക്‌സിജന്‍ ലഭ്യമാകാതെ രോഗികള്‍ മരിച്ച സംഭവവും ദില്ലിയടക്കമുള്ള സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കേരളത്തില്‍ അത്തരമൊരു സംഭവമുണ്ടായില്ല. വാക്‌സിനേഷന്‍ നല്‍കുന്നതില്‍ കേരളം മുന്നിലാണ്. ഇതുവരെ 55.19 ശതമാനം ആളുകള്‍ക്ക് ഒരു ഡോസ് വാക്‌സീന്‍ നല്‍കി. സെപ്റ്റംബര്‍ ഒന്നുമുതല്‍ 9-12 ക്ലാസുകളും കോളേജുകളും തമിഴ്‌നാട്ടില്‍ തുറക്കും. കര്‍ണാടകയില്‍ 9-12 വരെയുള്ള ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ തുറന്ന് പ്രവര്‍ത്തിക്കാം. ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam