
ദില്ലി: ജൂൺ 23-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ-ചൈന-റഷ്യ ത്രിരാഷ്ട്ര ഉച്ചക്കോടി മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. ലഡാക്ക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഉച്ചക്കോടി മാറ്റി വച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
അഭിപ്രായ ഭിന്നതകൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാനും അതിർത്തിയിൽ സമാധാനം ഉറപ്പിക്കാനുമാണ് ഇന്ത്യ താത്പര്യപ്പെടുന്നതെന്നും എന്നാൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ പോലെ രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെയുണ്ടാവുന്ന ഏത് നീക്കത്തിനും കർശനമായ മറുപടി നൽകുമെന്നും വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം ആറ് മണിക്കൂറിലേറെ നീണ്ട ഇന്ത്യ, ചൈന മേജർ ജനറൽമാരുടെ യോഗം അവസാനിച്ചു. യോഗത്തിലെ തീരുമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം ലഡാക്ക് സംഘർഷത്തിൽ ഇരുപത് സൈനികർ മാത്രമാണ് ജീവത്യാഗം ചെയ്തതെന്നും പരിക്കേറ്റ ആരുടേയും നില നിലവിൽ ഗുരുതരമല്ലെന്നും കരസേന അറിയിച്ചു. ഇന്ത്യൻ ജവാൻമാരെ ആരേയും കാണാതായിട്ടില്ലെന്നും ആരും ചൈനീസ് കസ്റ്റഡിയിൽ ഇല്ലെന്നും കരസേന വ്യക്തമാക്കി.
ഇന്ത്യൻ അതിർത്തിയിൽ നിലവിൽ സ്ഥിതി സമാധാനപരവും നിയന്ത്രണവിധേയവുമാണെന്ന് ചൈനീസ് സർക്കാർ അറിയിച്ചു. ഇരുരാജ്യങ്ങളുടേയും രാഷ്ട്രത്തലവൻമാർ തമ്മിൽ നേരത്തെ നടത്തിയ ചർച്ചകളിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ ചർച്ചകളുമായി മുന്നോട്ട് പോകാനും മറ്റു അഭിപ്രായഭിന്നതകൾ പറഞ്ഞു തീർക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് വിദേശകാര്യവക്താവ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam