തടവിലാക്കിയെന്ന് പാകിസ്ഥാൻ ലോകത്തോട് വീരവാദം മുഴക്കിയ ഇന്ത്യൻ വനിതാ പൈലറ്റ്, റഫാലിൽ സർവ്വ സൈന്യാധിപക്കൊപ്പം പറന്ന് ശിവാംഗി

Published : Oct 29, 2025, 10:14 PM IST
President Droupadi Murmu took a sortie in a Rafale

Synopsis

റഫാൽ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതയായ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിങ്ങിനെതിരെ പാകിസ്ഥാൻ നടത്തിയ വ്യാജ പ്രചാരണങ്ങൾക്ക് ശക്തമായ മറുപടിയായി, അവർ രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം റഫാൽ വിമാനത്തിൽ പ്രത്യക്ഷപ്പെട്ടു. 

ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായി, രാഷ്ട്രപതി ദ്രൗപദി മുർമു റഫാൽ യുദ്ധവിമാനത്തിൽ പറന്ന് സൈനികർക്കൊപ്പം എടുത്ത ചിത്രം പാകിസ്ഥാനുള്ള ശക്തമായ ഒരു മറുപടിയായിരുന്നു. ചരിത്ര നിമിഷത്തിൽ രാഷ്ട്രപതിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത വനിതാ പൈലറ്റ് ശിവാംഗി സിങ് ആയിരുന്നു. ആരാണ് ശിവാംഗി സിങ്ങെന്നല്ലേ, റഫാൽ വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതയായ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിങ്ങിനെതിരെ പാകിസ്ഥാൻ മുൻപ് ഒരു വലിയ പ്രചാരണം നടത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ ശിവാംഗിയെ പിടികൂടിയെന്നായിരുന്നു പാക് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിച്ചത്. അതേ ശിവാംഗി സിങ് തന്നെ സേനാധിപതിക്കൊപ്പം പ്രത്യക്ഷപ്പെട്ടത്.

ഓപ്പറേഷൻ സിന്ദൂറിനിടെ ശിവാംഗി പറത്തിയ റഫാൽ വിമാനം തകരുകയും അവരെ പാകിസ്ഥാൻ സൈന്യം പിടികൂടുകയും ചെയ്തു എന്നായിരുന്നു വ്യാജ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട് ചില വീഡിയോകളും പാകിസ്ഥാൻ പ്രചരിപ്പിച്ചു. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ ഈ പ്രചാരണങ്ങളെല്ലാം തള്ളി. ഒടുവിൽ, രാഷ്ട്രപതിയോടൊപ്പം ശിവാംഗി ഫോട്ടോയ്ക്ക് പോസ് ചെയ്തതോടെ പാകിസ്ഥാൻ്റെ വ്യാജ പ്രചാരണങ്ങൾ തകർന്നടിഞ്ഞു.

റഫാൽ പറത്തിയ ശിവാംഗി

റഫാൽ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിത പൈലറ്റ് എന്ന നേട്ടം ശിവാംഗി സിങ്ങിന് സ്വന്തമാണ്. വ്യോമസേനയുടെ ഗോൾഡൺ ആരോസ് സ്ക്വാഡ്രണിൻ്റെ ഭാഗമാണ് ഇവർ. ഉത്തർപ്രദേശിലെ വാരാണസി സ്വദേശിനിയാണ് ശിവാംഗി. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം വ്യോമസേനയിൽ ചേർന്നു. 2020-ൽ റഫാൽ പറത്താനുള്ള പൈലറ്റുമാരുടെ സംഘത്തിൽ ഇടം നേടി. പരിശീലനത്തിന് ശേഷം ഗോൾഡൺ ആരോസ് സ്ക്വാഡ്രണിൻ്റെ ഭാഗമായി. രാജ്യാന്തര എയർഷോകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ശിവാംഗി സിങ് പങ്കെടുത്തിട്ടുണ്ട്. ഒരു വ്യാജപ്രചാരണം തകർത്തെറിഞ്ഞ് രാജ്യത്തിൻ്റെ പരമോന്നത പദവിയിലുള്ള വ്യക്തിക്കൊപ്പം ചരിത്രപരമായ ദൗത്യത്തിൽ പങ്കാളിയായ ശിവാംഗിയുടെ നേട്ടം, ഇന്ത്യൻ വ്യോമസേനയുടെ കരുത്തും പ്രൊഫഷണലിസവും ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കുന്നതാണ്.

റഫാൽ യുദ്ധവിമാനത്തിൽ പറന്ന് ഇന്ത്യയുടെ സർവ്വ സൈന്യാധിപ

ഓപ്പറേഷൻ സിന്ദൂരിൽ രാജ്യത്തിന്റെ ആകാശക്കോട്ടയ്ക്ക് കരുത്തും പ്രതിരോധവുമായ റഫാൽ യുദ്ധവിമാനത്തിൽ പറന്ന് ഇന്ത്യയുടെ സർവ്വ സൈന്യാധിപ. ഇതോടെ റഫാൽ യുദ്ധവിമാനത്തിൽ പറന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപദി മുർമു. അംബാല വ്യോമത്താവളത്തിൽ നിന്ന് റഫാലിൽ പറന്ന രാഷ്ട്രപതിയെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എപി സിങ്ങും അനുഗമിച്ചു. അരമണിക്കൂറോളം റഫാൽ വിമാനത്തിൽ രാഷ്ട്രപതി പറന്നു. രാവിലെ പത്തുമണിയോടെ അംബാല വ്യോമതാവളത്തിൽ എത്തിയ രാഷ്ട്രപതിയെ വ്യോമസേന മേധാവിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. പിന്നീട് റഫാൽ യുദ്ധവിമാനങ്ങളുടെ SAQUDRON ആയ ഗോൾഡൻ ആരോസിന്റെ ചിഹ്നം പതിച്ച പൈലറ്റ് യൂണിഫോമിൽ വ്യോമസേന മേധാവിക്കൊപ്പം വിമാനത്തിലേക്ക് കയറുകയായിരുന്നു.

അംബാലയ്ക്ക് മുകളിലൂടെ ആകാശം കീറിമുറിച്ച് റഫാൽ യുദ്ധവിമാനം രാഷ്ട്രപതിയുമായി പറത്തിയത് ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗഹാനിയാണ്. അംബാലയിലെ വ്യോമത്താവളത്തിൽ ഇതാദ്യമായിട്ടാണ് രാഷ്ട്രപതി സന്ദർശനം നടത്തുന്നത്. ഈ മാസം 18 ന് റഫാലിൽ പറക്കാൻ രാഷ്ട്രപതി തീരുമാനിച്ചിരുന്നെങ്കിലും ഇത് പിന്നീട് മാറ്റിവെക്കുകയായിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇത് രണ്ടാം തവണയാണ് യുദ്ധവിമാനത്തിൽ പറക്കുന്നത്. സുഖോയ് 30 വിമാനത്തിലും രാഷ്ട്രപതി സഞ്ചരിച്ചിരുന്നു. 2023 ഏപ്രിൽ 8 നായിരുന്നു രാഷ്ട്രപതി സുഖോയ്–30 യുദ്ധവിമാനത്തിൽ പറന്നത്. അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്നായിരുന്നു അന്ന് രാഷ്ട്രപതി യുദ്ധവിമാനത്തിൽ പറന്നത്. പാക് അതിർത്തി പ്രദേശത്തിന് സമീപം ഇന്ത്യയുടെ സൈനികാഭ്യാസം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് രാഷ്ട്രപതിയുടെ ഈ നീക്കം.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉത്തര്‍പ്രദേശ് പാഠ്യപദ്ധതിയിൽ ഇനി മലയാളവും! പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
വീഡിയോ;'എന്റെ മകൾക്ക് ബ്ലീഡിംഗ് ആണ്, സ്റ്റേഫ്രീ തരൂ', ഇൻഡിഗോ ജീവനക്കാരോട് പൊട്ടിത്തെറിച്ച് അച്ഛൻ