രാജ്യത്ത് വനവിസ്തൃതി കൂടിയെന്ന് 2019ലെ വനസര്‍വ്വെ

By Web TeamFirst Published Dec 31, 2019, 7:09 AM IST
Highlights
  • വനമേഖലകളിലെ എല്ലാ വിഭാഗത്തിലും ഒരുപോലെ വര്‍ദ്ധന ഉണ്ടായ ഏകരാജ്യം ഇന്ത്യയാണ്
  • കേരളത്തിൽ രണ്ടുവര്‍ഷത്തിനുള്ളിൽ 23 ചതുരശ്ര കിമി വൃക്ഷാവരണം കുറഞ്ഞു

ദില്ലി: രാജ്യത്ത് വനവിസ്തൃതി കൂടിയെന്ന് 2019ലെ വനസര്‍വ്വെ റിപ്പോ‍ര്‍ട്ട്. വനവിസ്തൃതി കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മൂന്നാമതാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിൽ കേരളത്തിലെ വനമേഖലയിൽ 823 ചതുരശ്ര കിലോമീറ്ററിന്‍റെ വര്‍ദ്ധനവുണ്ടായെന്ന് റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദില്ലിയിൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവതേക്കറാണ് പുതിയ സര്‍വ്വെ പുറത്തിറക്കിയത്.

വനമേഖലകളിലെ എല്ലാ വിഭാഗത്തിലും ഒരുപോലെ വര്‍ദ്ധന ഉണ്ടായ ഏകരാജ്യം ഇന്ത്യയാണ്. വനമേഖലകളുടെ സംരക്ഷണത്തിൽ രാജ്യം ഏറെ മുന്നിലെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. 2017ൽ വനവിസൃതി 7,08,273 ചതുരശ്ര കിലോമീറ്ററായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 7,12,249 ചതുരശ്ര കിലോമീറ്ററായി. രണ്ടുവര്‍ഷത്തിനുള്ളിൽ വിസൃതിയില്‍ 3976 ചതുരശ്ര കിലോമീറ്ററിന്‍റെ വര്‍ധനവുണ്ടായി.

വൃക്ഷാവരണം 1212 ചതുരശ്ര കിലോമീറ്ററും കൂടിയതായി റിപ്പോര്‍ട്ട് പറയുന്നു. വനവിസ്തൃതി കൂടിയ സംസ്ഥാനങ്ങളിൽ ഒന്നാമത് കര്‍ണാടകമാണ്. ആന്ധ്രപ്രദേശ് രണ്ടാംസ്ഥാനത്തും കേരളം മൂന്നാമതുമാണ്.

സംസ്ഥാനത്ത് ഏറ്റവും അധികം വനവിസൃതി കൂടിയ ജില്ല പാലക്കാടാണ്. പാലക്കാട് മാത്രം 257 ചതുരശ്ര കിലോമീറ്റ‍ര്‍ കൂടി. കോട്ടയം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും വനമേഖലകൾ കൂടി. വയനാട്, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം ജില്ലകളിൽ വനവിസൃതി കുറയുകയും ചെയ്തു. കേരളത്തിൽ വൃക്ഷാവരണം കുറയുന്നുവെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിൽ രണ്ടുവര്‍ഷത്തിനുള്ളിൽ 23 ചതുരശ്ര കിമി വൃക്ഷാവരണം കുറഞ്ഞു. കേരളത്തിലെ വനവിസ്തൃതി കൂടിയ മറ്റ് ജില്ലകൾ മലപ്പുറം (170 ചതു.കി.മി), കോട്ടയം (137 ചതു. കി.മി), പത്തനംതിട്ട - (125 ചതു കി.മി) എന്നിങ്ങനെയാണ്.

click me!