ദ്രൗപതി മുർമു രാഷ്ട്രപതി; ഇന്ത്യ ചരിത്രം രചിച്ചുവെന്ന് പ്രധാനമന്ത്രി മോദി

Published : Jul 21, 2022, 08:43 PM ISTUpdated : Jul 21, 2022, 09:31 PM IST
ദ്രൗപതി മുർമു രാഷ്ട്രപതി; ഇന്ത്യ ചരിത്രം രചിച്ചുവെന്ന് പ്രധാനമന്ത്രി മോദി

Synopsis

ദ്രൗപതി മുർമുവിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ദില്ലി: ദ്രൗപതി മുർമു ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരു വനിത ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യ ചരിത്രമെഴുതിയെന്നും മോദി പറഞ്ഞു. മുർമുവിനെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി മുര്‍മുവിന്‍റെ ദില്ലിയിലെ താത്കാലിക വസതിയില്‍ നേരിട്ടെത്തി.  ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും താഴെത്തട്ടിലുള്ളവർക്കും പ്രതീക്ഷയുടെ കിരണമായി മുര്‍മു മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.  മോദിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും മുർമുവിനെ കണ്ട് അഭിനന്ദിച്ചു.

" ഇന്ത്യ ചരിത്രം കുറിച്ചു, 130 കോടി ഇന്ത്യക്കാർ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന സമയത്ത്. കിഴക്കൻ ഇന്ത്യയുടെ വിദൂര ഭാഗത്ത് ജനിച്ച ഒരു ഗോത്രവർഗത്തിൽ നിന്നുള്ള ഇന്ത്യയുടെ മകളെ ഇന്ത്യക്കാര്‍ ഞങ്ങളുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു" - ട്വീറ്റിലൂടെ രാജ്യത്തെ ഉന്നത ഭരണഘടനാ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുർമുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

"ദ്രൗപതി മുർമുവിന്‍റെ ജീവിതം, അവരുടെ ആദ്യകാല പോരാട്ടങ്ങൾ, അവരുടെ സമ്പന്നമായ സേവനം, അവരുടെ മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. നമ്മുടെ പൗരന്മാർക്ക്, പ്രത്യേകിച്ച് ദരിദ്രർ, പാർശ്വവൽക്കരിക്കപ്പെട്ടവർ, അടിച്ചമർത്തപ്പെട്ടവർ എന്നിവരുടെ പ്രതീക്ഷയുടെ കിരണമായി മുര്‍മു ഉയർന്നുവന്നിട്ടുണ്ട്," - പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.

മുര്‍മുവിന്‍റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച എല്ലാ എംപിമാർക്കും എം‌എൽ‌എമാർക്കും കക്ഷി രാഷ്ട്രീയത്തിന് അതീതമായി നന്ദി പറഞ്ഞ പ്രധാനമന്ത്രി, മുര്‍മുവിന്‍റെ "റെക്കോർഡ് വിജയം" നമ്മുടെ ജനാധിപത്യത്തിന് ശുഭസൂചനയാണെന്നും പറഞ്ഞു.
"ദ്രൗപതി മുർമു ജി ഒരു മികച്ച എംഎൽഎയും മന്ത്രിയുമാണ്. ജാർഖണ്ഡ് ഗവർണർ എന്ന നിലയിൽ അവർക്ക് മികച്ച ഭരണം ഉണ്ടായിരുന്നു. അവര്‍ക്ക്  മുന്നിൽ നിന്ന് നയിക്കുകയും ഇന്ത്യയുടെ വികസന യാത്രയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു മികച്ച രാഷ്ട്രപതിയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," പ്രധാനമന്ത്രി പറഞ്ഞു.

വോട്ടെണ്ണൽ പുരോഗമിക്കുകയും വിജയലക്ഷ്യത്തോട് അടുക്കുകയും ചെയ്തതോടെ ബിജെപി രാജ്യത്തിന്‍റെ പലയിടത്തും ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. ബിജെപി അംഗങ്ങൾ പലയിടത്തും ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചു.
മുർമു പട്ടികവർഗ്ഗ സമുദായത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായപ്പോൾ ബിജെപി അംഗങ്ങൾ പലയിടത്തും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയുണ്ടായി. മുര്‍മുവിന്‍റെ ദില്ലിയിലെ വസതിക്ക് പുറത്തും ആളുകള്‍ തടിച്ചുകൂടിയിരുന്നു.

 

ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമായിരുന്നു. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫലമാണ് ഒടുവിൽ പുറത്തു വരുന്നതും. 

രാഷ്ട്രപതി  തെരഞ്ഞെടുപ്പിലെ ആധികാരിക ജയത്തോടെ 2024-ലെ പൊതുതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ബിജെപിക്കാവും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ മുൻപേ പ്രഖ്യാപിച്ചിട്ടും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപിയേയും മോദിയേയും എതിര്‍ത്തു നിന്ന പാര്‍‍ട്ടികളുടെ വരെ വോട്ട് നേടാൻ എൻഡിഎയ്ക്ക് സാധിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മോദിയുടേയും അമിത് ഷായുടേയും രാഷ്ട്രീയ തന്ത്രങ്ങളെല്ലാം നൂറു ശതമാനം വിജയം കാണുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്.

നിർഭയം ഭരണഘടന സംരക്ഷിക്കാനാകട്ടെ; ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിൻഹ

റെയ്സന കുന്നിലേക്ക് പുതിയ അതിഥി, ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ