രാജ്യത്ത് ഇന്നലെ കൊവിഡ് ബാധിച്ചത് 30548 പേർക്ക്, ഇന്നലെ നടത്തിയത് 8.61 ലക്ഷം സാമ്പിൾ പരിശോധന

By Web TeamFirst Published Nov 16, 2020, 10:13 AM IST
Highlights

മഹാരാഷ്ട്ര 2544,തമിഴ് നാട് 1819, ഗുജറാത്ത് 1070, ആന്ധ്ര 1057 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന

ദില്ലി: രാജ്യത്തെ കോവിഡ് പ്രതിദിന വർധന വീണ്ടും മുപ്പത്തിനായിരത്തിലേക്ക്. ഇന്നലെ കൊവിഡ് ബാധിതരുടെ എണ്ണം 30,548 ആയി. നാല് മാസത്തിനു ശേഷമാണ് പ്രതിദിന വർധന മുപ്പത്തിനായിരത്തിൽ എത്തിയത്. ഇന്നലെ നടത്തിയത് 8.61 ലക്ഷം സാമ്പിൾ പരിശോധനകളാണ്. 

രാജ്യതലസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ഇടപെടൽ നടത്താൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ദില്ലിയിലെ പ്രതിദിന പരിശോധന ഒരു ലക്ഷമാക്കി ഉയര്‍ത്താന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗം തീരുമാനിച്ചു. നിലവില്‍ അറുപതിനായിരമാണ് പ്രതിദിന പരിശോധന. ആര്‍ടിപിസിആര്‍ പരിശോധന കൂട്ടുന്നതിന്റെ ഭാഗമായി കണ്ടെയ്‌ൻമെന്റ് സോണ്‍ കേന്ദ്രീകരിച്ച് ഐസിഎംആറിന്‍റെയും ആരോഗ്യ മന്ത്രാലയത്തിന്‍റെയും മൊബൈല്‍ ടെസ്റ്റിങ് വാഹനങ്ങള്‍ സജ്ജമാക്കും. 

ഡിആര്‍ഡിഒ സെന്‍ററില്‍ 750 അധിക കിടക്കകള്‍ സജ്ജമാക്കാനും നിര്‍ദ്ദേശം നല്‍കി. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ സിആര്‍പിഎഫ് ഡോക്ടര്‍മാരെ ദില്ലിയിലെത്തിക്കും. ഏഴായിരത്തിന് മുകളിലാണ് ദില്ലിയിലെ പ്രതിദിന വര്‍ധന. മഹാരാഷ്ട്ര 2544,തമിഴ് നാട് 1819, ഗുജറാത്ത് 1070, ആന്ധ്ര 1057 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന.

click me!