
ദില്ലി: യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. സ്ത്രീകൾ, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചർച്ചയിൽ ജമ്മു-കശ്മീർ വിഷയം പാക് വിദേശകാര്യ മന്ത്രി ഉന്നയിച്ചതിനെ തുടർന്നാണ് ഇന്ത്യ മറുപടി നൽകിയത്. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയാണ് ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച് സംസാരിച്ചത്. എന്നാൽ സർദാരിയുടെ ആരോപണത്തിന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് മറുപടി നൽകി.
പാകിസ്ഥാന്റെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചു. ജമ്മു-കശ്മീർ കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ പ്രതിനിധി നടത്തിയ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായ പരാമർശങ്ങൾ ഞാൻ തള്ളിക്കളയുകയാണെന്നും മറുപടി പോലും അർഹിക്കാത്തതാണെന്നും കംബോജ് മറുപടി നൽകിയത്.
ഇത്തരം ദുരുദ്ദേശ്യപരവും തെറ്റായതുമായ പ്രചരണങ്ങളോട് പ്രതികരിക്കാൻ പോലും പാടില്ല. സ്ത്രീകളുടെ സമാധാനം, സുരക്ഷ എന്നീ അജണ്ട നടപ്പാക്കൽ ത്വരിതപ്പെടുത്തുന്നതിനുള്ള കൂട്ടായ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഇന്നത്തെ ചർച്ച നിർണായകമാണ്. ചർച്ചയുടെ വിഷയത്തെ ഞങ്ങൾ ബഹുമാനിക്കുന്നുവെന്നും രുചിര കംബോജ്.
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തലേന്ന് മൊസാംബിക്കിന്റെ പ്രസിഡൻസിയിലായിരുന്നു യുഎൻ യോഗം. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ഇപ്പോഴും അങ്ങനെയാണെന്നും ഇന്ത്യ നേരത്തെ പാകിസ്ഥാനോട് പറഞ്ഞിരുന്നു. പാകിസ്ഥാനുമായി സാധാരണ ബന്ധം ആഗ്രഹിക്കുന്നു. എന്നാൽ, അതിനായി ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത പാകിസ്ഥാനാണെന്നും ഇന്ത്യ അറിയിച്ചു.
ബീഹാർ ജയിലിൽ മനീഷ് സിസോദിയ കൊല്ലപ്പെടും; സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി
2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ പിൻവലിക്കുകയും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ജമ്മു കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാൻ നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു.