
ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിൽ പുതിയ ഡ്രോൺ പ്രതിരോധ സംവിധാനം പരീക്ഷിച്ച് ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ കമ്പനി. ഹാർഡ് കിൽ മോഡിൽ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുന്ന 'ഭാർഗവാസ്ത്ര' എന്ന ഡ്രോൺ പ്രതിരോധ സംവിധാനമാണ് പരീക്ഷിച്ചത്. നാഗ്പൂർ ആസ്ഥാനമായ സോളാർ ഡിഫൻസ് & എയ്റോസ്പേസ് ലിമിറ്റഡ് ആണ് പരീക്ഷണം നടത്തിയത്. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും പരീക്ഷണം പരിശോധിക്കാൻ എത്തി. ചെലവ് കുറഞ്ഞ മൈക്രോ റോക്കറ്റുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഗോപാൽപൂരിലെ സീവാർഡ് ഫയറിംഗ് റേഞ്ചിലാണ് ഇന്നലെ പരീക്ഷണം നടന്നത്. പരീക്ഷിച്ച നാല് റോക്കറ്റുകളും ഡ്രോൺ മോഡലുകളെ വിജയകരമായി തകർത്തെന്ന് എസ്‍ഡിഎഎൽ കമ്പനി അവകാശപ്പെട്ടു.
അതേസമയം, ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് ഇന്ത്യന്‍ സൈന്യം കനത്ത പ്രഹരമേല്‍പ്പിച്ചെന്ന് റിപ്പോര്‍ട്ട്. പാക് വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങൾ തകർത്തു. എഫ് പതിനാറ് അടക്കം നിരവധി യുദ്ധവിമാനങ്ങളും നിയന്ത്രണ രേഖയിലെ ബങ്കറുകളും ആക്രമണത്തില്‍ തകര്‍ന്നു. കൃത്യതയോടെ സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനാണെന്ന് 70 രാജ്യങ്ങളിലെ പ്രതിരോധ അറ്റാഷെമാരെ ഇന്ത്യ അറിയിച്ചു. അതേസമയം, ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിന് പിന്നാലെ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ 13 സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നു. ആറിടങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നുവെന്നും പാക് സൈനിക വക്താവ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ 11 പാക് സൈനികര്‍ കൊല്ലപ്പെട്ടവെന്നാണ് പാക് സൈന്യം പറഞ്ഞിരുന്നത്. 40 പാക് പൗരന്മാരും കൊല്ലപ്പെട്ടുവെന്നും വാര്‍ത്താസമ്മേളനത്തിൽ പാക് സൈനിക വക്താവ് അവകാശപ്പെട്ടു.