
മുംബൈ: മോദി സർക്കാരിന്റെ കൊവിഡ് പ്രതിസന്ധികാലത്തെ പ്രവര്ത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് ശിവസേന. ചെറു രാജ്യങ്ങൾ പോലും കോവിഡ് പ്രതിസന്ധി നേരിടാൻ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്യുമ്പോഴും കോടിക്കണക്കിനു രൂപയുടെ പാർലമെന്റ് സമുച്ചയത്തിന്റെ പണികൾ നിർത്തിവയ്ക്കാൻ മോദി സർക്കാർ തയാറാകുന്നെന്ന് ശിവസേന വിമർശിച്ചു. ശിവസേന മുഖപത്രം സാമ്നയിലെ മുഖപ്രസംഗത്തിലാണ് വിമർശനം.
മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മൻമോഹൻ സിംഗ് എന്നിവരുൾപ്പെടെയുള്ളവർ കഴിഞ്ഞ 70 വർഷത്തിനിടയിൽ സൃഷ്ടിച്ച സംവിധാനമാണ് ഇന്നത്തെ കൊവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ സഹായിക്കുന്നതെന്നും ശിവസേന പറയുന്നു. ‘കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതിനാൽ ഇന്ത്യയിൽനിന്നു ലോകത്തിനു ഭീഷണിയുണ്ടെന്നാണു യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിൽ പരമാവധി രാജ്യങ്ങൾ ഇന്ത്യയെ സഹായിക്കണമെന്നും അവർ അഭ്യർഥിച്ചു.
ബംഗ്ലദേശ് 10,000 റെംഡെസിവിർ അയച്ചിട്ടുണ്ട്. ഭൂട്ടാൻ മെഡിക്കൽ ഓക്സിജൻ അയച്ചു. നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക എന്നിവയും ‘ആത്മനിർഭർ ഭാരതിന്’ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്’ കോവിഡ് പ്രതിസന്ധിയിൽ നിരവധി ദരിദ്ര രാജ്യങ്ങളാണ് ഇന്ത്യക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
പാക്കിസ്ഥാൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങൾ മറ്റുള്ളവരിൽ നിന്നാണ് സഹായങ്ങൾ തേടിയിരുന്നത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ തെറ്റായ നയങ്ങൾ കാരണം ഇന്ത്യയും ഇതിന് സമാനമായ സാഹചര്യത്തിലെത്തി. ബംഗ്ലദേശ്, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ മോദിയുടെ ആത്മനിർഭർ ഇന്ത്യക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യുകയാണെന്നും ശിവസേന വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam