
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ തടവുശിക്ഷ അനുഭവിക്കുന്ന കുൽഭൂഷൺ ജാദവിനെ നാളെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കാണാമെന്ന് പാകിസ്ഥാൻ. കുൽഭൂഷൺ ജാദവിന്‍റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നും അദ്ദേഹത്തിന് നയതന്ത്ര സഹായം നൽകാൻ അനുവദിക്കണമെന്നുമുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയ്ക്ക് പിന്നാലെയാണ് പാകിസ്ഥാൻ നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാന്‍റെ വാഗ്ദാനം പരിശോധിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
''ഈ വാഗ്ദാനം ഞങ്ങൾ പരിശോധിച്ചു വരികയാണ്. പാകിസ്ഥാനുമായി നയതന്ത്ര വിനിമയം തുടരുകയാണ്'', വിദേശകാര്യവക്താവ് രവീഷ് കുമാർ വ്യക്തമാക്കി.
ജൂലൈ 17-നാണ് കുൽഭൂഷൺ ജാദവിന്‍റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടത്. ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം തന്നെയായിരുന്നു ഇത്. കൃത്യമായ ചട്ടങ്ങൾ പാലിച്ച് കുൽഭൂഷൺ ജാദവിനെതിരെ ചുമത്തിയ കുറ്റങ്ങൾ വീണ്ടും വിചാരണ നടത്തി ശിക്ഷ പുനഃപരിശോധിക്കുന്നത് വരെ, ജാദവിന്‍റെ വധശിക്ഷ നടപ്പാക്കരുതെന്നും കോടതി വിധിച്ചു. വിയന്ന കരാർ ലംഘിച്ചുകൊണ്ടാണ് പാകിസ്ഥാൻ വിചാരണ നടത്തിയതെന്നും, നയതന്ത്ര സഹായം പോലും ജാദവിന് നൽകാതെ ''അടച്ചിട്ട കോടതിമുറിയിൽ'' വിചാരണ നടത്തി വിധി പ്രസ്താവിക്കുകയായിരുന്നുവെന്നും ഇന്ത്യ വാദിച്ചിരുന്നു.
49-കാരനായ, വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ ചാരവൃത്തി ആരോപിച്ചാണ് പാക് പട്ടാളകോടതി 2017 ഏപ്രിലിൽ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് പിന്നാലെ വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. വിരമിച്ച ശേഷം ഇറാനിൽ ഒരു ബിസിനസ്സ് നടത്തി വരവെ, ജാദവിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഇത് നിയമവിരുദ്ധമാണെന്നും ഇന്ത്യ കോടതിയിൽ ശക്തമായി വാദിച്ചു.
അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷൻ അബ്ദുൾ ഖാവി അഹമ്മദ് യൂസുഫ് അടക്കമുള്ള 16 അംഗബഞ്ചാണ് ജാദവിന്‍റെ വധശിക്ഷ പുനഃപരിശോധിക്കാൻ പാകിസ്ഥാനോട് ഉത്തരവിട്ടത്. 15-1 ഭൂരിപക്ഷത്തിലായിരുന്നു വിധി. 42 പേജുള്ള വിധിന്യായത്തിൽ ഇന്ത്യൻ വാദങ്ങൾ അംഗീകരിക്കാതിരിക്കാനുള്ള പാകിസ്ഥാന്‍റെ വാദങ്ങൾ കോടതി തള്ളി. അതേസമയം, ജാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാക് പട്ടാളകോടതിയുടെ തീരുമാനം റദ്ദാക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam