
ദില്ലി: ഇന്നലെ രാത്രി വൈകി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാര കരാർ യാഥാർത്ഥ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ ചുമത്തിയിരുന്ന നികുതി 18 ശതമാനം കുറച്ചു. ആദ്യം ട്രംപ് ട്രൂത്ത് സോഷ്യലിലും പിന്നീട് നരേന്ദ്ര മോദി എക്‌സിലും ഇക്കാര്യം വെളിപ്പെടുത്തിയ പോസ്റ്റുകളിൽ ചില കാര്യങ്ങളിൽ അവ്യക്തത തുടരുന്നുണ്ട്.
ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാർ സാധ്യമായോ എന്നതാണ് ആദ്യത്തെ ചോദ്യം. എന്നാൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രി മോദിയുടെ എക്സിലെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ച എക്സിലെ പോസ്റ്റിൽ ഇരു രാജ്യങ്ങളും തമ്മിൽ കരാറിലെത്തിയെന്ന് പറയുന്നുണ്ട്. അപ്പോഴും ഇത് വ്യാപാര കരാറാണോയെന്ന് വ്യക്തമല്ല.
അമേരിക്കയിൽ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 26 ശതമാനം നികുതി ട്രംപ് പ്രഖ്യാപിച്ചത്. പിന്നീട് 90 ദിവസത്തേക്ക് നിർത്തിവച്ചെങ്കിലും 10 ശതമാനമായി നികുതി നിലനിർത്തി. പിന്നീട് ജൂലൈ 31 ന് 25 ശതമാനമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ നികുതി പ്രഖ്യാപിച്ചു. അതിന് ശേഷം റഷ്യയുമായുള്ള എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് തർക്കം ഉന്നയിച്ച് ഓഗസ്റ്റ് ഏഴിന് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനമായി തീരുവ ഉയർത്തി. എന്നാൽ ഇന്നലെ രാത്രിയാണ് തീരുവ 18 ശതമാനം കുറച്ചത്. അപ്പോഴും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 32 ശതമാനം നികുതി വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ 18 ശതമാനം നികുതി കുറച്ചെന്നല്ലാതെ, ഇപ്പോൾ എത്ര ശതമാനമാണ് നികുതിയെന്നതിൽ കൃത്യമായ വിശദീകരണം വന്നിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam