
ദില്ലി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും. നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ടീസ്തക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്നലെ വിശദമായി വാദം കേട്ട ശേഷമമാണ് ജാമ്യം നൽകിയത്. ചോദ്യം ചെയ്യലിനും തേളിവ് ശേഖരണത്തിനും പൊലീസിന് മതിയായ സമയം കിട്ടിയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ടീസ്റ്റ സെതൽവാദിൻ്റെ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ ഇപ്പോൾ പരിശോധിക്കുന്നില്ലെന്നും ഇക്കാര്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
തുടരന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും ടീസ്തയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ കോടതി ഗുജറാത്ത് പൊലീസിനെയും ഹൈക്കോടതിയെയും വിമർശിച്ചിരുന്നു. രണ്ട് മാസമായി കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും സാകിയ ജാഫ്രിയുടെ കേസ് തള്ളി സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളല്ലാതെ എഫ് ഐ ആറിൽ മറ്റൊന്നുമില്ലെന്നും കോടതി വിമർശിച്ചു. ഹൈക്കോടതി നോട്ടീസിന് മറുപടി നൽകാൻ ആറ് ആഴ്ചയെടുത്തു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ കൊലപാതകം പോലെ ഗുരുതരമല്ലെന്നും കോടതി പറഞ്ഞിരുന്നു. ജാമ്യം അനുവദിക്കുന്നതിന് തടസ്സമാകുന്ന കുറ്റങ്ങളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂൺ 25 ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപക്കേസിൽ മോദിയടക്കമുള്ളവർക്ക് പങ്കില്ലെന്ന എസ്ഐടി കണ്ടെത്തൽ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാവാമെന്ന കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് നടപടിയുണ്ടായത്.
കലാപകാലത്ത് എഡിജിപിയായിരുന്ന ശ്രീകുമാർ നാനാവതി കമ്മീഷന് മുന്നിൽ അന്നത്തെ മോദിസർക്കാരിനെതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു. നിലവിൽ ജയിലിലുള്ള മുൻ ഡിഐജി സഞ്ജീവ് ഖന്നയാണ് എഫ്ഐആറിലുള്ള മൂന്നാമത്തെ പ്രതി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു, തെളിവുകൾ വ്യാജമായി ഉണ്ടാക്കി, മൂവരും ചേർന്ന് ഗൂഢാലോചന നടത്തി എന്നിങ്ങനെയാണ് കുറ്റങ്ങൾ.