
ദില്ലി: പാക് സൈന്യത്തിന്റ സഹായത്തോടെ ജമ്മുമേഖലയിലേക്ക് ഭീകരർ കടന്നെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. അൻപതിലധികം ഭീകരർ പാക് സൈന്യത്തിന്റെ സഹായത്തതോടെ കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹിരാ നഗർ മേഖലകളിലൂടെയാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നതെന്നാണ് സംശയം. ചൈനീസ് അതിർത്തിയിലെ ഇന്ത്യൻ നീരീക്ഷണത്തിന്റെ ശ്രദ്ധതിരിക്കാനാണോ ഈ ശ്രമമെന്നും ഇന്ത്യൻ സൈന്യം സംശയിക്കുന്നുണ്ട്.
ജമ്മു കശ്മീരിലെ ഡോഡയിലെ രണ്ടിടങ്ങളിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ നടക്കുകയാണ്. മേഖലയിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നുണ്ട്. ഡോഡയിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് രണ്ടിടങ്ങളിൽ കൂടെ ഏറ്റുമുട്ടലുണ്ടായത്. ബട്ട മേഖലയിലെ രണ്ട് ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയിൽ അഞ്ചിലധികം ഭീകരർ ഒളിച്ചിരിക്കുന്നു എന്നാണ് സൂചന.
കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങൾ ജന്മനാടുകളിൽ എത്തിച്ചു. ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ബിജേന്ദ്ര, അജയ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരവാദം നേരിടാൻ ശക്തമായ നടപടി വേണമെന്ന് ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ പിതാവ് റിട്ടയേര്‍ഡ് കേണൽ ഭുവനേഷ് ഥാപ്പ പ്രതികരിച്ചു. ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ലഫ്റ്റനൻറ് ഗവർണ്ണർ മനോജ് സിൻഹ വ്യക്തമാക്കി.
എന്നാൽ കശ്മീരിൽ തുടര്‍ച്ചയായി സൈനികര്‍ വീരമൃത്യു വരിക്കുന്നതിൽ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസും പിഡിപിയും രംഗത്ത് വന്നു. കപട അവകാശവാദം കശ്മീരിൽ പൊളിഞ്ഞെന്ന് കോൺഗ്രസ് പ്രതികരിച്ചു. ജമ്മുകശ്മീരിലെ സാഹചര്യം ഗുരുതരമാകുന്നത് പാർലമെൻറിലും ഇന്ത്യ സഖ്യം ഉന്നയിച്ചേക്കുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam