കശ്മീരിൽ മൂന്ന് ഭീകരരെ കൂടി വധിച്ചു; കനത്ത തിരിച്ചടി നൽകി സൈന്യം

By Web TeamFirst Published Oct 12, 2021, 6:39 AM IST
Highlights

പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചത്

ദില്ലി: കാശ്മീരിൽ ഭീകരർക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. ഷോപിയാനിൽ രാത്രി മുഴുവൻ തുടർന്ന എറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു. ഇന്നലെ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. അടുത്തിടെ കാശ്മീരിൽ നിരപരാധികളെ വെടിവെച്ചു കൊന്ന സംഭവങ്ങളിൽ പങ്കുളളവരാണ് മരിച്ച രണ്ടു ഭീകരരെന്ന് പോലീസ് പറഞ്ഞു. മലയാളി അടക്കം അഞ്ചു സൈനികർ ഇന്നലെ കശ്മീരിൽ വീരമൃത്യു വരിച്ചിരുന്നു. സുരൻകോട്ട് വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താൻ ശ്രമിക്കുമ്പോഴായിരുന്നു സൈനികർ വെടിയേറ്റ് കൊല്ലപ്പെട്ടത്.

കൊട്ടാരക്കര കുടവട്ടൂര്‍ സ്വദേശിയാണ് 24 കാരനായ വൈശാഖ്. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചത്. ഇക്കഴിഞ്ഞ പുതുവര്‍ഷ ദിനത്തിലാണ് സ്വരുക്കൂട്ടി വച്ചിരുന്ന സ്വന്തം സമ്പാദ്യവും വായ്പയും എല്ലാം ചേര്‍ത്ത് വീടെന്ന സ്വപ്നം വൈശാഖ് യാഥാര്‍ഥ്യമാക്കിയത്. പിന്നീട് ഒരവധിക്കാലം മാത്രമാണ് വൈശാഖിന് ഈ വീട്ടില്‍ ചെലവിടാന്‍ കഴിഞ്ഞത്. 

നാലു മാസം മുമ്പാണ് വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമെല്ലാം പ്രിയങ്കരനായിരുന്നു ചെറുപ്പക്കാരന്‍. അമ്മ ബീനയെയും വിദ്യാര്‍ഥിനിയായ സഹോദരി ശില്‍പയെയും എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ സങ്കടപ്പെടുകയാണ് നാട്ടുകാരും. 2017ലാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. മഹാരാഷ്ട്രയിലെ പരിശീലനത്തിനു ശേഷം പഞ്ചാബിലായിരുന്നു പോസ്റ്റിംഗ്. തുടര്‍ന്നാണ് പൂഞ്ചിലേക്ക് മാറിയത്. ഞായറാഴ്ചയാണ് വീട്ടുകാരുമായും നാട്ടിലെ കൂട്ടുകാരുമായും വൈശാഖ് അവസാനമായി ഫോണില്‍ സംസാരിച്ചത്. പിന്നെ നാടറിയുന്നത് പ്രിയങ്കരനായ യുവസൈനികന്‍റെ ജീവത്യാഗത്തെ കുറിച്ചുളള വാര്‍ത്തയാണ്.

click me!