ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റശ്രമം: മൂന്ന് ഭീകരരെ വധിച്ച് സൈന്യം, വൻആയുധശേഖരം പിടിച്ചെടുത്തു

By Web TeamFirst Published Sep 23, 2021, 6:06 PM IST
Highlights

ആറ് ഭീകരരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്. 

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സ്ഥിരീകരിച്ച് സൈന്യം. അഞ്ച് എകെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്റ്റളുകൾ എന്നിവയും ഇവരിൽ നിന്നും കണ്ടെത്തി. ഏറ്റുമുട്ടല്‍ മൂന്ന് ദിവസം നീണ്ടുനിന്നതായും സൈന്യം വ്യക്തമാക്കി. അക്രമത്തിൽ ഒരു സൈനികനും പരിക്കേറ്റു. 

ആറ് ഭീകരരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്. അതിനിടെ ബന്ദിപ്പോരയിൽ  സുരക്ഷസേന നടത്തിയ തെരച്ചിലിൽ നാല് ലക്ഷകർ ഭീകരരെ പിടികൂടി. ഇവരിൽ നിന്നും ആയുധങ്ങളും കണ്ടെത്തി. സംഭവത്തിൽ ജമ്മു കശ്മീർ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. 

ഇടവേളയ്ക്ക് ശേഷം അതിർത്തിയിൽ ഇപ്പോൾ സംഘർഷം വളരെ രൂക്ഷമാണ്. കശ്മീരിലെ  പൊതുപ്രവർത്തകർ, സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ തെരഞ്ഞു പിടിച്ച് വധിക്കുക എന്ന ശൈലിയാണ് തീവ്രവാദികൾ സ്വീകരിക്കുന്നത്. ഇതോടൊപ്പം തന്നെ അതിർത്തിയിലൂടെയുള്ള നുഴഞ്ഞു കയറ്റവും രൂക്ഷമാണ്. മഞ്ഞുക്കാലം തുടങ്ങും മുൻപ് കൂടുതൽ തീവ്രവാദികൾ അതിർത്തി കടന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ചേക്കാം എന്ന വിലയിരുത്തലിൽ അതീവ ജാഗ്രതയിലാണ് ഇന്ത്യയിപ്പോൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

click me!