സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി, വായുസേനാ മേധാവി എപി സിം​ഗ് എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി ആദരമർപ്പിക്കാനെത്തിയത്. തുടർന്ന് ഡിജിറ്റൽ ഡയറിയിൽ റിപ്പബ്ലിക് ദിന സന്ദേശമെഴുതിയതിന് ശേഷം മോദി കർത്തവ്യപഥിലെത്തി.

ദില്ലി: രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം തുടങ്ങി. എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാ​ഗമായി ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ധീര സൈനികർക്ക് ആദരമർപ്പിച്ചു. പ്രതിരോധമന്ത്രിക്കും സേനാ മേധാവികൾക്കുമൊപ്പമാണ് പ്രധാനമന്ത്രിയെത്തിയത്. സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി, വായുസേനാ മേധാവി എപി സിം​ഗ് എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി ആദരമർപ്പിക്കാനെത്തിയത്. തുടർന്ന് ഡിജിറ്റൽ ഡയറിയിൽ റിപ്പബ്ലിക് ദിന സന്ദേശമെഴുതിയതിന് ശേഷം മോദി കർത്തവ്യപഥിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും കർത്തവ്യപഥിലെത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ നേതാക്കളാണ് ചടങ്ങിലെ മുഖ്യാതിഥികൾ. നിലവിൽ പരേഡ് നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെയടക്കം 30 ടാബ്ലോകളാണ് പരേഡിൽ അണിനിരക്കുന്നത്. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും​ കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്. അതേസമയം, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാ​ഗമായി ദില്ലി കനത്ത സുരക്ഷയിലാണ്.

സംസ്ഥാനത്തും റിപ്പബ്ലിക് ദിനാഘോഷം

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാ​ഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ​ഗവർണർ രാജേന്ദ്ര അർലേക്കർ പതാക ഉയർത്തി. സെൻട്രൽ സ്റ്റേഡിയത്തിലെ പരേഡ് ​ഗവർണർ പരിശോധിച്ചു. തുടർന്ന് ​പരേഡുകൾ ഗവർണർക്ക് അഭിവാദ്യമർപ്പിച്ചു. വ്യോമസേനയിൽ നിന്നുള്ള വികാസ് വസിഷ്ഠിൻ്റെ നേതൃത്വത്തിലാണ് പരേഡുകൾ അണിനിരന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ തുടങ്ങിയവരും, എംഎൽഎമാരും സെൻട്രൽ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയർത്തി.

റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം

കണ്ണൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസം​ഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. പ്രസം​ഗിച്ചു കൊണ്ടിരിക്കവേ അദ്ദേഹം തളർന്നു വീഴുകയായിരുന്നു. പരേഡിൽ പതാക ഉയർത്തിയതിന് ശേഷം പ്രസം​ഗിക്കുമ്പോഴാണ് തലകറക്കം അനുഭവപ്പെട്ടത്. മന്ത്രി തളര്‍ന്ന് വീഴുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ താങ്ങിപ്പിടിക്കുകയായിരുന്നു. എന്നാൽ തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അദ്ദേഹം നേരിട്ട് മാധ്യമങ്ങളോട് അറിയിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം നടന്നാണ് വാഹനത്തിൽ കയറി ആശുപത്രിയിലേക്ക് പോയത്. 

YouTube video player