ബഹിരാകാശത്ത് വീണ്ടും ഒരു ഇന്ത്യക്കാരൻ, ബാക്കപ്പ് മലയാളി; യാത്ര തുടങ്ങാൻ ഇനി 9 നാൾ മാത്രം, അഭിമാനത്തോടെ രാജ്യം

Published : May 30, 2025, 01:12 PM ISTUpdated : May 30, 2025, 01:17 PM IST
ബഹിരാകാശത്ത് വീണ്ടും ഒരു ഇന്ത്യക്കാരൻ, ബാക്കപ്പ് മലയാളി; യാത്ര തുടങ്ങാൻ ഇനി 9 നാൾ മാത്രം, അഭിമാനത്തോടെ രാജ്യം

Synopsis

മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ശുഭാംശുവിന്റെ ബാക്കപ്പ്. ശുഭാംശുവിന് എന്തെങ്കിലും സാഹചര്യത്തിൽ ദൗത്യം നടത്താനാകാതെ വന്നാലാണ് പ്രശാന്ത് യാത്ര ചെയ്യുക.

ദില്ലി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഒരു ഇന്ത്യക്കാരന്‍റെ യാത്ര തുടങ്ങാൻ ഇനി ഒൻപത് ദിവസം മാത്രം. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭാഗമായ ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ജൂൺ 8ന് വൈകീട്ട് 6:41ന് നടക്കും. യാത്രക്ക് മുന്നോടിയായുള്ള ക്വാറന്‍റീനിലാണ് ശുഭാംശു ഉൾപ്പെട്ട നാലംഗ സംഘമിപ്പോൾ. 41 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മറ്റൊരു ഇന്ത്യൻ ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. ഇതോടെ രാകേഷ് ശർമ്മയുടെ പിൻഗാമിയായി മാറുകയാണ് യുപി സ്വദേശി ശുഭാംശു ശുക്ല. ഐഎസ്ആർഒ, നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് സഹകരണത്തിലാണ് യാത്ര.

റോക്കറ്റും യാത്രാ പേടകവും സ്പേസ് എക്സിന്റേതാണ്. നാസയുടെ സഹായത്തോടെ ആക്സിയം സ്പേസ് ആണ് ദൗത്യ നിർവ്വഹണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ ബഹിരാകാശ സഞ്ചാരികളെ കൊണ്ടുപോകുന്ന നാസയുടെ പ്രൈവറ്റ് ആസ്ട്രനോട്ട് മിഷൻ പദ്ധതിയാണ് ഐഎസ്ആർഒ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. 2019ലാണ് നാസ ഈ പദ്ധതി അവതരിപ്പിച്ചത്. കരാർ കിട്ടിയത് ആക്സിയം സ്പേസിനാണ്. ആദ്യ ധാരണ പ്രകാരമുള്ള നാല് ദൗത്യങ്ങളിൽ അവസാനത്തേതാണ് ശുഭാംശുവും സംഘവും യാത്ര പോകുന്ന ആക്സിയം 4. ആദ്യ ദൗത്യം ആക്സിയം വൺ നടന്നത് 2022 ഏപ്രിലിലായിരുന്നു. രണ്ടാം ദൗത്യം ആക്സിയം ടു 2023 മേയിലും, ആക്സിയം 3 2024 ജനുവരിയിലും നടന്നു. ആക്സിയം 4 ന് ശേഷം രണ്ട് ദൗത്യങ്ങൾക്ക് കൂടി അടുത്തിടെ അനുമതിയായിട്ടുണ്ട്.

ദൗത്യത്തിനായി ഇന്ത്യ ചെലവിട്ടത് 600 കോടി രൂപയ്ക്കടുത്തെന്നാണ് വിവരം. യഥാർത്ഥ കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല.
പക്ഷേ ആദ്യ ആക്സിയം ദൗത്യത്തിൽ ഒരു സീറ്റിന് ഈടാക്കിയത് 55 മില്യൺ ഡോളറായിരുന്നു. ഗഗൻയാൻ യാത്രകൾക്ക് മുന്നോടിയായി മനുഷ്യയാത്രാ ദൗത്യങ്ങളിൽ അനുഭവം നേടുകയാണ് ആക്സിയം 4 ദൗത്യത്തിലൂടെ ഇന്ത്യയുടെ ലക്ഷ്യം. അത് കൊണ്ട് തന്നെ പണത്തേക്കാൾ മൂല്യമുണ്ട് ഈ യാത്രയ്ക്ക്. ശുഭാംശുവടക്കം നാല് പേരാണ് ആക്സിയം 4ൽ ഐഎസ്എസിലേക്ക് പോകുന്നത്. മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സണാണ് മിഷൻ കമാൻഡർ. ശുഭാംശുവാണ് മിഷൻ പൈലറ്റ്.

പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റ് ദൗത്യ സംഘാംഗങ്ങൾ. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ ലോകത്തിലെ തന്നെ എറ്റവും പ്രശസ്തയായ ബഹിരാകാശ യാത്രികരിൽ ഒരാളാണ്. ബഹിരാകാശത്ത് എറ്റവും കൂടുതൽ സമയം ചെലവഴിച്ച അമേരിക്കൻ യാത്രികയെന്ന റെക്കോർഡ് അവരുടെ പേരിലാണ്. ഇന്ത്യക്ക് മാത്രമല്ല, പോളണ്ടിനും, ഹംഗറിക്കും ഇത് വർഷങ്ങൾക്ക് ശേഷം ബഹിരാകാശത്തേക്കുള്ള മടക്കയാത്രയാണ്.

അവസാനമായി ഒരു പോളണ്ടുകാരൻ ബഹിരാകാശത്തേക്ക് പോയത് 1978ലും ഹംഗറിക്കാരൻ പോയത് 1980ലുമായിരുന്നു. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ശുഭാംശുവിന്റെ ബാക്കപ്പ്. ശുഭാംശുവിന് എന്തെങ്കിലും സാഹചര്യത്തിൽ ദൗത്യം നടത്താനാകാതെ വന്നാലാണ് പ്രശാന്ത് യാത്ര ചെയ്യുക. ക്വാറൻ്റീൻ തുടങ്ങിയ സ്ഥിതിക്ക് ഇനി അങ്ങിനെയൊരു മാറ്റത്തിന് സാധ്യതയില്ല. എന്തായാലും ബഹിരാകാശത്ത് വീണ്ടും ഒരു ഭാരതീയനെത്തുന്ന ദിവസത്തിനായി രാജ്യം കാത്തിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ