Covid Vaccination | സംസ്ഥാനങ്ങളുടെ കയ്യിൽ 15.77 കോടി വാക്സീൻ ബാക്കിയുണ്ടെന്ന് കേന്ദ്രം

By Web TeamFirst Published Nov 7, 2021, 11:09 PM IST
Highlights

 രാജ്യത്തെ വിവിധ  സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി പതിനഞ്ചര   കോടിയിലധികം ഡോസ്​ വാക്സിനുകൾ (vaccine) ബാക്കിയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ആഴ്ചയിൽ വാക്സിനേഷൻ തോത് വൻതോതിൽ കുറഞ്ഞാതായുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് കേന്ദ്രസർക്കാർ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്

ദില്ലി: രാജ്യത്തെ വിവിധ  സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി പതിനഞ്ചര   കോടിയിലധികം ഡോസ്​ വാക്സിനുകൾ (vaccine) ബാക്കിയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ആഴ്ചയിൽ വാക്സിനേഷൻ തോത് വൻതോതിൽ കുറഞ്ഞാതായുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് കേന്ദ്രസർക്കാർ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.  നിലവിൽ 15.77 കോടി വാക്സീനുകൾ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലായി ബാക്കിയുണ്ട്.  116.58 കോടിയിലധികം ഡോസ്​ വാക്സിനുകൾ ഇതുവരെ  വിതരണം നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൂടുതൽ വാക്സിൻ ഡോസുകൾ ലഭ്യമാക്കിയത് വാക്സിൻ വിതരണം കാര്യക്ഷമമാക്കിയിട്ടുണ്ട. വാക്സിന്‍റെ ലഭ്യത മുൻകൂട്ടി അറിഞ്ഞത്  കൃത്യമായ പദ്ധതികൾ രൂപപ്പെടുത്താനും വിതരണം കാര്യക്ഷമതയോടെ നടത്താനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവസരമൊരുക്കിയതായും മന്ത്രാലയം വ്യക്തമാക്കി. വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രം സൗജന്യമായാണ്​ വാക്സിൻ വിതരണം ചെയ്​തുവരുന്നത്​.

അതേസമയം രാജ്യത്ത് വാക്സീൻ വിതരണം വൻ തോതില്‍ കുറയുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ആഴ്ച രണ്ട് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയതതെന്നാണ് കണക്കുകൾ. വാക്സീൻ വിതരണം തുടങ്ങിയ ജനുവരി 16 മുതല്‍ ഇന്നലെ വരെ ഏറ്റവും കൂടുതല്‍ വാക്സീൻ നല്‍കിയത് സെപ്റ്റംബർ 11 മുതല്‍ 17 വരെയുള്ള ഒരാഴ്ചയായിരുന്നു. ആറ് കോടി അറുപത്തിയെട്ട് ലക്ഷം ഡോസ് വാക്സീനാണ് അന്ന് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  പിറന്നാള്‍ ദിനമായ  സെപ്റ്റബ‍ർ പതിനേഴിന് മാത്രം രണ്ടര കോടി ഡോസ് വാക്സീൻ വിതരണം ചെയ്ത് ഒരു ദിവസത്തെ ഏറ്റവും കൂടിയ റെക്കോര്‍ഡും സ്ഥാപിച്ചു. എന്നാല്‍ വാക്സീൻ വിതരണം രാജ്യത്ത് ഇപ്പോള്‍ ഇഴയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

Covid 19| കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി: വാക്സീൻ വിതരണം ലക്ഷ്യത്തിലേക്ക്

കഴിഞ്ഞ ആഴ്ച നല്‍കാനായത് വെറും രണ്ട് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ്. കഴി‌ഞ്ഞ‌ 30 ദിവസത്തിനുള്ളില്‍ ഉയര്‍ന്ന വാക്സീൻ വിതരണം ഒക്ടോബര്‍ പതിനെട്ടിനാണ്. അന്ന്  നല്‍കിയത് 91,20,000 ഡോസ്. രാജ്യത്ത് 108 കോടി ഡോസ് ഇതുവരെ വിതരണം ചെയതതില്‍ 74 കോടി പേര്‍ക്ക് ആദ്യ ഡോസ് നല്‍കിയിപ്പോള്‍ രണ്ട് ഡോസും നല്‍കാനായത് 34 കോടി പേർക്കാണ്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 16 കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാതെ ഇരിക്കുന്നുണ്ടെന്നാണ് ശനിയാഴ്ച വരെയുള്ള കണക്കുകള്‍. 

എന്നാല്‍ വാക്സീൻ വിതരണം കുറയുന്നത് ഉത്സവകാലമായതിനാലാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിശദീകരണം. വലിയൊരു ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനായെന്നും അധികൃതർ പറയുന്നു. വാക്സീൻ വിതരണം ഊര്‍ജ്ജിതപ്പെടുത്താൻ വീടുകളില്‍ വാക്സീനെത്തിക്കുന്ന പരിപാടികള്‍ക്കടക്കം സർക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ രാജ്യത്ത് യോഗ്യരായ എല്ലാവർക്കും വാക്സീൻ നല്‍കാനാകണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.16 കോടി വാക്സീൻ ഡോസുകൾ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാതിരിക്കുന്നു എന്നാണ്  റിപ്പോര്‍ട്ട്.

click me!