
ഇരട്ട എഞ്ചിന്‍ ഡെക്ക് അടിസ്ഥാനമാക്കിയുള്ള ഫൈറ്ററിന്‍റെ (Twin-Engine Deck-Based Fighter - TEDBF) ആദ്യ ഡിസൈൻ അടുത്ത വർഷം മാർച്ചോടെ പൂർത്തിയാകുമെന്നും ആദ്യ മാതൃക 2028 ഓടെ പുറത്തിറക്കാന്‍ കഴിയുമെന്നും മുതിർന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ അധികൃതര്‍ പറഞ്ഞു. പദ്ധതിക്ക് 2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ അനുമതിയും ഡിആർഡിഒ പ്രതീക്ഷിക്കുന്നു.
ഫൈറ്റര്‍ ജെറ്റിന്‍റെ മാതൃകാ രൂപം ഏതാണ്ട് പൂര്‍ത്തിയായെന്നും സൂപ്പർസോണിക് വിമാനത്തിന്‍റെ പ്രകടനം വിലയിരുത്താൻ ഊര്‍ജ്ജിതമായ ശ്രമത്തിലാണെന്നും ഡിആർഡിഒയിലെ പ്രോജക്ട് ഡയറക്ടർ പി തങ്കവേൽ പറഞ്ഞു. ഫൈറ്റര്‍ ജറ്റിനായി അനുവദിക്കപ്പെട്ട ഫണ്ടുപയോഗിച്ച് വളരെ വേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മാര്‍ച്ചോടെ ഇതിന്‍റെ ഒരു പ്രാഥമിക രൂപം അവലോകനം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"പിഡിആറിന് ശേഷം, ഫൈറ്ററിന്‍റെ ഡ്രോയിംഗുകൾ നിർമ്മിക്കും. 2023 പകുതിയോടെ സിസിഎസ് ക്ലിയറൻസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ സാഹചര്യത്തിൽ 4-4.5 വർഷത്തിനുള്ളില്‍ മൂലരൂപം നിര്‍മ്മിക്കാന്‍ കഴിയും. നാവിക സേനയ്ക്കായി ഉപയോഗിക്കുന്ന വിമാനങ്ങളുടെ രൂപകൽപ്പന വ്യത്യസ്തമായതിനാലാണ് ഇത്രയും കാലതാമസം." അദ്ദേഹം പറഞ്ഞു. മൂലരൂപം നിര്‍മ്മിച്ച് കഴിഞ്ഞാല്‍, ഇന്ത്യൻ നാവികസേന എച്ച്എഎല്ലിന് ഒരു പ്രൊഡക്ഷൻ ഓർഡർ നൽകും. കാലഹരണപ്പെട്ട മിഗ്-29 കെയ്ക്ക് പകരമായി ഇവയെ ഉപയോഗിക്കും. 2031-ലോ 2032-ഓടെയോ ടിഇഡിബിഎഫ് വിമാനം ഇന്ത്യൻ നാവികസേനയുടെ ഭാഗമാക്കാന്‍ കഴിയുമെന്നും തങ്കവേൽ കൂട്ടിച്ചേർത്തു.
ടിഇഡിബിഎഫ് ഇന്ത്യൻ നാവികസേനയ്‌ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ, അതിന്‍റെ ചിറകുകൾ മടക്കി ഒരു തെറ്റാലി പോലെ വിക്ഷേപിക്കാന്‍ സാധിക്കും. മാക് 1.6 വേഗതയിൽ എത്താൻ കഴിവുള്ള ടിഇഡിബിഎഫ് യുദ്ധവിമാനങ്ങൾ ഐഎന്‍എസ് വിക്രമാദിത്യയിലും ഐഎന്‍എസ് വിക്രാന്തിലും വിന്യസിക്കാന്‍ കഴിയും. 16.3 മീറ്റർ നീളമുള്ള യുദ്ധവിമാനം ബഹുമുഖ യുദ്ധവിമാനം കൂടിയാണ്. കോംബാറ്റ് എയർ പട്രോൾ, ഡെക്ക് ലോഞ്ച് ഇന്‍റ്ർസെപ്ഷൻ, എയർ-ടു-എയർ കോംബാറ്റ്, കപ്പൽ വിരുദ്ധ സ്‌ട്രൈക്ക്, മാരിടൈം സ്ട്രൈക്ക്, ലാൻഡ് അറ്റാക്ക് സ്‌ട്രൈക്ക്, എസ്‌കോർട്ട് ജാമിംഗ്, ബഡ്ഡി റീഫ്യൂവലിംഗ് എന്നിങ്ങനെ ഏത് സാഹചര്യത്തിലും ഈ വിമാനത്തെ ഉപയോഗിക്കാന്‍ സാധിക്കും.
അഡ്വാൻസ്ഡ് ഷോർട്ട് റേഞ്ച് എയർ-ടു-എയർ മിസൈൽ (എഎസ്ആർഎം), ആസ്ട്ര ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) എയർ-ടു-എയർ മിസൈൽ സംവിധാനങ്ങൾ എന്നിവ ഇതിൽ ഘടിപ്പിക്കും. ഇതിന് രണ്ട് ജിഇ എഫ് 414 ഐഎന്‍എസ് 6 എഞ്ചിനുകളിൽ നിന്നുള്ള പ്രൊപ്പൽസീവ് ത്രസ്റ്റ് ഉണ്ടായിരിക്കും. ഫ്രഞ്ച് നിര്‍മ്മിതമായ റാഫേലും (എം) യുഎസ് നിർമ്മിത എഫ്/എ-18 സൂപ്പർ ഹോർനെറ്റ് ബ്ലോക്ക് III ഉം മാസങ്ങൾക്ക് മുമ്പ് ഐഎൻഎസ് വിക്രാന്തിൽ വിജയകരമായി പരീക്ഷണം നടത്തിയിരുന്നു. നിലവില്‍ നിലവിൽ റഷ്യൻ നിര്‍മ്മിത മിഗ്-29 കെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, എത്രയും പെട്ടെന്ന് തന്നെ പുതിയവ ഉപയോഗിക്കാനുള്ള തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥന്‍ പറയുന്നു.
കൂടുതല്‍ വായനയ്ക്ക്: നാവിക സേനയ്ക്കായി 1700 കോടിയ്ക്ക് 35 ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങുന്നു, കരാര്‍ ഒപ്പിട്ടു