
ദില്ലി: ഇന്ത്യ - അമേരിക്ക ബന്ധത്തിലുണ്ടായ വിള്ളലും തുടര്‍ന്ന് ഇന്ത്യ - ചൈന - റഷ്യ എന്നീ ശക്തികൾ കൈകോര്‍ത്തതും അന്താരാഷ്ട്ര തലത്തിൽ വലിയ ചര്‍ച്ചകൾക്ക് വഴിയൊരുക്കിയതിന് പിന്നാലെ ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം. ഇന്ത്യൻ മഹാസമുദ്രത്തിൽ, അതായത് മലാക്ക കടലിടുക്കിൽ നാവിക സേനയുടെ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യൻ മഹാസമുദ്രത്തെ ദക്ഷിണ ചൈനാ കടലുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന സമുദ്ര ഇടനാഴിയാണ് മലാക്ക കടലിടുക്ക്. ബീജിംഗിനെ സംബന്ധിച്ചിടത്തോളം ആധിപത്യം സ്ഥാപിക്കാൻ ഒരു തരത്തിലും കഴിയാത്ത ഒരു മേഖലയായാണ് മലാക്ക കടലിടുക്ക് കണക്കാക്കപ്പെടുന്നത്. ഇവിടെ ഇനി സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യൻ നാവികസേനയും പട്രോളിംഗ് നടത്തുമെന്നതാണ് ശ്രദ്ധേയം.
ഇന്ത്യയുടെ കടൽമാർഗമുള്ള വ്യാപാരത്തിന്റെ ഏകദേശം 60 ശതമാനവും ദില്ലിയിലെ മിക്കവാറും എല്ലാ പ്രകൃതി വാതക ഇറക്കുമതിയും മലാക്ക കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഈ മേഖല ചൈനീസ് കപ്പൽ ഗതാഗതത്തിനും ഒരു തടസ്സമായി തുടരുകയാണ്. തന്ത്രപ്രധാന മേഖലയായ ഈ പാത ആൻഡമാൻ & നിക്കോബാർ ദ്വീപുകളിൽ നിന്ന് വെറും 600 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അവിടെ ഇന്ത്യൻ നാവികസേന തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുന്നു എന്നത് ചൈനയെ സംബന്ധിച്ച് വലിയ തലവേദന തന്നെയാണ്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഒപ്പം എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അദ്ദേഹം ദില്ലിയിൽ വെച്ച് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംയുക്ത പ്രസ്താവന പുറത്തുവന്നത്. ചര്‍ച്ചയിൽ മലാക്ക കടലിടുക്കിൽ പട്രോളിംഗ് നടത്താനുള്ള ഇന്ത്യയുടെ താൽപ്പര്യത്തെ സിംഗപ്പൂർ സന്തോഷത്തോടെ അംഗീകരിക്കുകയായിരുന്നു. സിംഗപ്പൂർ നിഷ്പക്ഷത പാലിക്കുകയും ചൈനയുമായി നേരിട്ട് സമുദ്ര തർക്കം നടത്താതിരിക്കുകയും ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്.
ദക്ഷിണ ചൈനാ കടലിൽ ബീജിംഗുമായി നിരന്തരം സംഘർഷത്തിൽ കഴിയുന്ന ഫിലിപ്പീൻസിന്റെ മുൻ മന്ത്രി അടുത്തിടെ ഇന്ത്യൻ നാവികസേനയെ പ്രശംസിച്ചിരുന്നു. ‘ഇഷ്ടമുള്ളിടത്തേക്ക് പോകാൻ കഴിവുള്ള ഒരേയൊരു നാവിക സേനയാണ് ഇന്ത്യൻ നാവിക സേന’ എന്നായിരുന്നു ഫിലിപ്പീൻസ് മുൻ വിദേശകാര്യ മന്ത്രി ടെഡി ലോക്സിൻ ജൂനിയറിന്റെ പ്രസ്താവന. ഇതിന് ദിവസങ്ങൾ മാത്രം പിന്നിടവെയാണ് ഇന്ത്യ - സിംഗപ്പൂർ സംയുക്ത പ്രസ്താവന വരുന്നത്. തെക്കു കിഴക്കൻ ഏഷ്യയിലെ സമുദ്ര ആധിപത്യത്തിന് പേരുകേട്ട ചൈന, ഇന്ത്യൻ മഹാസമുദ്രത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളിയെയാണ് വിദഗ്ധർ മലാക്ക പ്രതിസന്ധി എന്ന് വിളിക്കുന്നത്.