നിലപാട് മാറ്റാതെ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ

By Web TeamFirst Published May 24, 2019, 3:57 PM IST
Highlights

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പാകിസ്ഥാന്‍ ഉപേക്ഷിക്കുകയും തീവ്രവാദം അവസാനിപ്പിക്കുകയും ചെയ്താല്‍ മാത്രമേ അവരുമായുള്ള ചര്‍ച്ച ഇന്ത്യന്‍ സര്‍ക്കാര്‍ പരിഗണിക്കുകയുള്ളൂവെന്നും യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷവര്‍ധന്‍ ശ്രിങ്ക്ള പറഞ്ഞു.

ദില്ലി: തീവ്രവാദത്തെ പിന്തുണക്കുന്ന നിലപാട് മാറ്റാതെ പാകിസ്ഥാനുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കുമില്ലെന്ന് ഇന്ത്യ. നരേന്ദ്രമോദി അധികാരം നിലനിര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷവര്‍ധന്‍ ശ്രിങ്ക്ള രംഗത്തെത്തിയത്. അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹര്‍ഷവര്‍ധന്‍ ഇക്കാര്യം പറഞ്ഞതെന്ന് ദേശീയ വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും സമാധാന ശ്രമങ്ങള്‍ തുടരാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്. 
ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാരാണ് ജെയ്ഷെ മുഹമ്മദ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

തിരിച്ചടിയായി ബാലാകോട്ടെ ജെയഷെ കേന്ദ്രങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് വ്യോമാക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റ് അഭനന്ദന്‍ വര്‍ദ്ധമാന്‍ പാക് പിടിയിലാകുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. കുറേ കാലങ്ങളായി ഒരു രാജ്യം തീവ്രവാദത്തെ നയമായി അംഗീകരിക്കുകയാണെന്നും ഈ നയം അവസാനിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പാകിസ്ഥാന്‍ ഉപേക്ഷിക്കുകയും തീവ്രവാദം അവസാനിപ്പിക്കുകയും ചെയ്താല്‍ മാത്രമേ അവരുമായുള്ള ചര്‍ച്ച ഇന്ത്യന്‍ സര്‍ക്കാര്‍ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടണമെന്ന് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നതാണ്. പാകിസ്ഥാനൊഴികെയുള്ള എല്ലാ അയല്‍രാജ്യങ്ങളുമായും ഇന്ത്യക്ക് നല്ലബന്ധമാണെന്നും പശ്ചാത്യ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

click me!