
വിശാഖപട്ടണം: റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന 'റെയിൽ റോബോക്കോപ്പ് അർജുൻ' രണ്ടു കൊടുംകുറ്റവാളികളെ പിടികൂടാൻ സഹായിച്ചു. ഫെബ്രുവരി രണ്ടിന് രാത്രി 8:10 ഓടെയാണ് സംഭവം. സ്റ്റേഷനിൽ പട്രോളിംഗ് നടത്തുകയായിരുന്ന അർജുൻ എന്ന റോബോട്ട്, തന്‍റെ സിസ്റ്റത്തിലുള്ള കുറ്റവാളികളുടെ പട്ടികയുമായി ഒത്തുനോക്കി ഒരാളെ തിരിച്ചറിയുകയും ഉടൻ തന്നെ ആർപിഎഫ് കൺട്രോൾ റൂമിലേക്ക് അപായസൂചന നൽകുകയുമായിരുന്നു.
തുടർന്ന് ആർപിഎഫ് സബ് ഇൻസ്പെക്ടർ വി കീർത്തി റെഡ്ഡിയുടെയും ക്രൈം പ്രിവൻഷൻ ഡിറ്റൻഷൻ സ്ക്വാഡിന്‍റെയും നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ കുപ്രസിദ്ധ കുറ്റവാളിയായ ഹദപ്പ ശിവ (39), കൂട്ടുപ്രതി ജി. ബംഗാരു എന്നിവരെ പിടികൂടി. ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോൾ മോഷ്ടാവു മുതൽ കൊലപാതകശ്രമം വരെയുള്ള നിരവധി കേസുകളിൽ പ്രതികളാണെന്നും രായഗഡ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ നിരവധി എഫ്ഐആറുകൾ ഉണ്ടെന്നും കണ്ടെത്തി.
യാത്രാ ടിക്കറ്റില്ലാതെ സ്റ്റേഷനിൽ പ്രവേശിച്ച കുറ്റവാളികളെ റെയിൽവേ നിയമപ്രകാരം നടപടികൾക്ക് വിധേയമാക്കി. റെയിൽവേ റോബോട്ടിന്‍റെ ഈ നേട്ടത്തെ ഈസ്റ്റ് കോസ്റ്റ് റെയിൽവേ ജനറൽ മാനേജർ പരമേശ്വർ ഫുങ്ക്വാൾ പ്രശംസിച്ചു. ആധുനിക സാങ്കേതികവിദ്യ എങ്ങനെ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണിതെന്നും, വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റേഷനുകളിൽ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam