മൂന്ന് ലക്ഷം ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍; റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യന്‍ റെയില്‍വെ

By Web TeamFirst Published Jul 30, 2019, 4:19 PM IST
Highlights

55 വയസ് കഴിഞ്ഞവരുടെ പട്ടിക തയ്യാറാക്കാന്‍ മേഖലാ ഓഫീസുകളോട് റെയില്‍വെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജോലിയില്‍ മികവില്ലാത്തവരെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു

ദില്ലി: ഇന്ത്യന്‍ റെയില്‍വെയില്‍ കൂട്ട പിരിച്ചുവിടലിന് കളമൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നതിനിടെയാണ് വിശദീകരണവുമായി റെയില്‍വെ മന്ത്രാലയം രംഗത്തെത്തിയത്. 3 ലക്ഷത്തോളം ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ നടപ്പിലാക്കാന്‍ റെയില്‍വെയില്‍ നീക്കമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 55 വയസ് കഴിഞ്ഞവരുടെ പട്ടിക തയ്യാറാക്കാന്‍ മേഖലാ ഓഫീസുകളോട് റെയില്‍വെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജോലിയില്‍ മികവില്ലാത്തവരെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.

30 വര്‍ഷം സര്‍വ്വീസ് 2020 ല്‍ പൂര്‍ത്തിയാകുന്നവരെക്കുറിച്ചുള്ള വിവരവും റെയില്‍വെ അധികൃതര്‍ മേഖല ഓഫീസുകളോട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മാനസിക-ശാരീരിക ക്ഷമത, ജോലിയിലെ കൃത്യനിഷ്ഠ, ഹാജര്‍ നില എന്നിവയും പരിശോധിക്കാന്‍ അറിയിച്ചിരുന്നു. ഓഗസ്റ്റ് 9 നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് റെയില്‍വെ വ്യക്തമാക്കിയിരുന്നത്.

നിര്‍ബന്ധിത വിരമിക്കല്‍ ലക്ഷ്യമിട്ടാണ് റെയില്‍വെ ഇത്തരത്തില്‍ റിപ്പോര്‍ട്ട് തേടിയതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു എല്ലാം. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി റെയില്‍വെ മന്ത്രാലയം രംഗത്തെത്തിയിത്. 'നിര്‍ബന്ധിത വിരമിക്കല്‍' നടപ്പിലാക്കാനൊന്നും തീരുമാനിച്ചിട്ടില്ലെന്നാണ് വിശദീകരണം. സാധാരണ ഗതിയിലുള്ള വിവര ശേഖരണം മാത്രമാണ് നടത്തുന്നതെന്നും മറ്റൊരു അജണ്ടയും അതിന് പിന്നിലെന്നും പത്രക്കുറിപ്പിലൂടെ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.

click me!