ഇനി 'മസാജ്' സർവീസും: രാജ്യത്തെ 39 ട്രെയിനുകളിൽ ഈ സൗകര്യം ലഭിക്കും

By Web TeamFirst Published Jun 8, 2019, 4:13 PM IST
Highlights

യാത്രയ്ക്കിടെ ആവശ്യമുള്ള യാത്രക്കാർക്ക് ട്രെയിനുകളിൽ ഈ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണ് റെയിൽവെ വ്യക്തമാക്കിയിരിക്കുന്നത്

ദില്ലി: ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിലാദ്യമായി ട്രെയിനുകളിൽ ഇനി മസാജ് സർവ്വീസും ലഭിക്കും. യാത്രയ്ക്കിടെ ആവശ്യമുള്ള യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് റെയിൽവെ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ 39 ട്രെയിനുകളിൽ ഈ സേവനം ലഭിക്കും. 

ഇൻഡോറിൽ നിന്ന് ആരംഭിക്കുന്ന ട്രെയിനുകളിലാണ് ഈ സൗകര്യം ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡെറാഡൂൺ-ഇൻഡോർ എക്സ്‌പ്രസ് (14317), ന്യൂ ദില്ലി -ഇൻഡോർ ഇന്റർസിറ്റി എക്സ്‌പ്രസ് (12416), ഇൻഡോർ - അമൃത്സർ എക്സ്‌പ്രസ് (19325) എന്നീ ട്രെയിനുകളിലുൾപ്പടെയാണ് ഈ സേവനം ലഭിക്കുക.

പശ്ചിമ റെയിൽവെയുടെ വെത്‌ലാം ഡിവിഷനാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. ഇത് വരുമാനവും യാത്രക്കാരുടെ എണ്ണവും ഉയർത്തുമെന്ന് റെയിൽവെ പ്രതീക്ഷിക്കുന്നുണ്ട്. ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നീ വിഭാഗങ്ങളിലായി 20 മിനിറ്റ് വരെ പരമാവധി മസാജ് ചെയ്യുന്നതിന് 100, 200, 300 എന്നിങ്ങനെയാണ് നിരക്കുകൾ.

അടുത്ത 20 ദിവസത്തിനുള്ളിൽ സർവ്വീസ് ആരംഭിക്കും. രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ കോച്ചുകളിൽ ഈ സേവനം ലഭ്യമാകും. മൂന്ന് മുതൽ അഞ്ച് വരെ മസാജ് പ്രൊവൈഡർമാർ ഈ ട്രെയിനുകളിൽ യാത്രക്കാർക്ക് ഒപ്പം യാത്ര ചെയ്യും. ഇവർക്ക് റെയിൽവെ തിരിച്ചറിയൽ കാർഡും നൽകും. ടിക്കറ്റിതര വരുമാന വർദ്ധനവിനായി സോണുകളോടും റെയിൽവെ ഡിവിഷനുകളോടും പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ റെയിൽവെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഈ തീരുമാനം.

click me!