
ദില്ലി: നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച പുതിയ ടിക്കറ്റ് നിരക്ക് നിലവിൽ വരും. 215 കിലോമീറ്റര്‍ വരെയുള്ള ഓര്‍ഡിനറി ക്ലാസുകളിലെ യാത്രാനിരക്കിൽ മാറ്റമില്ല. എന്നാൽ ഓര്‍ഡിനറി ക്ലാസുകളിൽ 215 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ നിരക്ക് കൂടും. കിലോമീറ്ററിന് 1 പൈസയാണ് കൂടുന്നത്. മുംബൈ പോലുള്ള നഗരങ്ങളിലെ സബർബൻ ട്രെയിനുകളിലും നിലവിലെ നിരക്ക് തുടരും. പ്രതിമാസ സീസണ്‍ ടിക്കറ്റ് നിരക്കും കൂടില്ല. ഇത്രയുമാണ് മാറ്റമില്ലാത്ത വിഭാഗങ്ങൾ. 500 കിലോമീറ്റർ ദൂരമുള്ള നോൺ-എസി യാത്രയ്ക്ക് 10 രൂപ അധികമായി നൽകേണ്ടി വരും.
ഉദാഹരണത്തിന് തിരുവനന്തപുരം മുതൽ ചെന്നൈ വരെ പോകാൻ 10 രൂപ അധികം കരുതണം. മെയിൽ/എക്സ്പ്രസ് ട്രെയിനുകളിൽ നോൺ എസി ക്ലാസിൽ കിലോമീറ്ററിന് 2 പൈസ കൂടും. തിരുവനന്തപുരം മുതൽ ചെന്നൈ വരെയുള്ള യാത്ര നോക്കിയാൽ 20 രൂപ അധികം ചെലവാകും. സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ല എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. ഏകദേശം 600 കോടി രൂപയുടെ വരുമാന നേട്ടമാണ് നിരക്ക് വർധനയിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈയിലെ നിരക്ക് വർദ്ധനവിലൂടെ ഇതുവരെ 700 കോടി രൂപയുടെ വരുമാനം നേടിയാതായാണ് റെയിൽവേ മന്ത്രാലയത്തിന്റെ കണക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam