
ദില്ലി: വടക്കൻ അതിർത്തിയിലെ സൈനിക പ്രവർത്തനങ്ങളെക്കുറിച്ച് ദില്ലിയിലെ പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥന് രഹസ്യ വിവരങ്ങൾ കൈമാറുന്നതിനിടെ പിടിയിലായ സൈനികനെ കോർട്ട് മാർഷൽ (സൈനിക വിചാരണ) ചെയ്യുന്നതിനുള്ള നടപടികൾ ഇന്ത്യൻ സൈന്യം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ദില്ലിയിൽ സ്ഥിതി ചെയ്യുന്ന പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന പാക് പൗരനായ ആബിദ് ഹുസൈൻ (നായ്ക് അബിദ്) എന്ന ചാരന് രഹസ്യവിവരങ്ങൾ അയക്കുന്നതിനിടെയാണ് ചൈനീസ് അതിർത്തിയിൽ ജോലി ചെയ്തിരുന്ന സൈനികൻ പിടിയിലായത്.
സിഗ്നൽമാൻ (വാഷർമാൻ) ആയിരുന്ന അലിം ഖാനെയാണ് കോർട്ട് മാർഷൽ ചെയ്യുന്നത്. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ഫീൽഡ് ഏരിയയിലാണ് ഇയാളെ നിയമിച്ചിരുന്നത്. ജോലിക്കിടെ പാക് ചാരന് സൈനിക വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം. രണ്ട് ദിവസത്തിനുള്ളിൽ വിചാരണ നടപടികൾ ആരംഭിക്കുമെന്ന് ഉന്നത പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയന്ത്രണ രേഖയിൽ (എൽഎസി) പാകിസ്ഥാൻ ആക്രമണം നടത്താൻ ശ്രമിക്കുന്ന നിർണായക സമയത്താണ് രഹസ്യവിവരങ്ങൾ ചോർത്താൻ ശ്രമിച്ചതെന്നും ചെറിയ വിവരങ്ങൾ പോലും ശത്രുക്കൾക്ക് സഹായകരമാകുമായിരുന്നെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു.
നിസാര വിവരങ്ങൾ മാത്രമേ ആരോപണവിധേയനായ സൈനികന് ലഭ്യമായിരുന്നുള്ളൂ വെന്നും ഇത്തരം നടപടികൾ സൈന്യം വെച്ചുപൊറുപ്പിക്കില്ലെന്നും മാതൃകാപരമായ ശിക്ഷ നൽകുമെന്നും സൈനിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അതിർത്തി മേഖലയിലെ സൈനിക വിന്യാസം, വാഹനങ്ങളുമായി വിവരങ്ങൾ എന്നിവയാണ് സൈനികൻ കൈമാറിയത്. ചൈന അതിർത്തിയിലെ നിരീക്ഷണ റഡാറും സമാനമായ മറ്റ് ഉപകരണ ലൊക്കേഷനുകളും അദ്ദേഹം ആക്‌സസ് ചെയ്യാൻ ശ്രമിച്ചിരുന്നതായും ആരോപണമുയർന്നു.