
ദില്ലി: എത്യോപ്യയില്‍ വിമാനം തകര്‍ന്ന് മരിച്ച നാല് ഇന്ത്യക്കാരില്‍ ഒരാള്‍ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥ. യുഎന്‍ പരിസ്ഥിതി മന്ത്രാലയം കണ്‍സള്‍ട്ടന്‍റ്‍ ശിഖ ഗാര്‍ഗാണ് അപകടത്തില്‍ കൊല്ലപ്പെട്ടതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സ്ഥിരീകരിച്ചു. അതേസമയം, ശിഖയുടെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചില്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞു.
ശിഖയുടെ ഭർത്താവിനെ ഫോണിൽ വിളിച്ചെങ്കിലും കോൾ എടുക്കുന്നില്ല. ശിഖയുടെ കുടുംബവുമായി ബന്ധപ്പെടാൻ സഹായിക്കണമെന്നും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. ശിഖയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത് മുതൽ അവരുടെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും എല്ലാവരും സഹായിക്കണമെന്നും കാണിച്ച് രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവയ്ക്കുന്നുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു.
അപകടത്തില്‍ കൊല്ലപ്പെട്ട മറ്റ് മൂന്ന് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞതായി സുഷമാ സ്വരാജ് പറഞ്ഞു. വൈദ്യ പന്നഗേഷ് ഭാസ്കർ, വൈദ്യ ഹാൻസിൻ അനാഗേഷ്, നകവരപ്പ് മനീഷ എന്നിവയാണ് അപകടത്തിൽ കൊല്ലപ്പെട്ട മറ്റ് ഇന്ത്യക്കാർ. ഇവരുടെ ആശ്രിതര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു.
ഞായറാഴ്‍ച്ചയാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ്‍ ഉടമസ്ഥതയിലുള്ള ഇ ടി 302 വിമാനം കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കുള്ള യാത്രക്കിടെ തകര്‍ന്നുവീണത്. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് പുറപ്പെട്ട വിമാനം പറയന്നുയര്‍ന്ന് കുറച്ച് സമയത്തിനുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. 32 രാജ്യങ്ങളില്‍നിന്നുള്ള 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam