
ദില്ലി:'ഞാൻ ഫ്ലൈറ്റിൽ കയറി. ലാൻഡ് ചെയ്യുമ്പോൾ വിളിക്കാം'മരിക്കുന്നതിന് മുൻപ് എത്യോപ്യന്‍ വിമാനത്തിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരിയും ഐക്യരാഷ്ട്രസഭാ ഉപദേശകയുമായ ശിഖ ഗാർഗ തന്റെ ഭർത്താവിനയച്ച അവസാന സന്ദേശമാണിത്. ആ വാക്കുകൾ ഹൃദയം പൊട്ടുന്ന വേദനയോടെ ശിഖയുടെ ഭർത്താവ് സൗമ്യ ഭട്ടാചാര്യ ഓർക്കുകയാണ്.
മൂന്ന് മാസങ്ങൾക്ക് മുമ്പായിരുന്നു ശിഖയും സൗമ്യ ഭട്ടാചാര്യയും വിവാഹിതരായത്. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 'ഞാൻ ഫ്ലൈറ്റിൽ കയറി. ലാൻഡ് ചെയ്യുമ്പോൾ വിളിക്കാം' എന്ന സന്ദേശത്തിന് മറുപടി നൽകുന്നതിന് മുൻപെയാണ് ശിഖ ഇനി ഇല്ല എന്ന ദുരന്തവാർത്തയുമായി സുഹൃത്തിന്റെ വിളി വന്നത്. ആ വാർത്ത കേട്ട് എന്ത് ചെയ്യണമെന്നറിയാതെ ഭട്ടാചാര്യ അക്ഷമനായി നിന്നു. ശിഖ മടങ്ങി വന്നതിനു ശേഷം യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. എന്നാൽ വിധി അതിന് അനുവദിച്ചില്ല.
നയ്‌റോബിയിൽ നടക്കുന്ന യുഎൻ പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രയിലായിരുന്നു ശിഖ. ഇവർക്കൊപ്പം ഭട്ടാചാര്യയും പോകാനുള്ള തയ്യാറെടുപ്പുകൾ നത്തുകയും ടിക്കറ്റെടുക്കുകയും ചെയ്തു. എന്നാൽ അവസാന നിമിഷം ഔദ്യോഗിക ആവശ്യങ്ങൾ കാരണം ഭട്ടാചാര്യ ടിക്കറ്റ് റദ്ദാക്കുകയായിരുന്നു.
149 യാത്രക്കാരും എട്ട് ജീവനക്കാരുമായി പോയ എത്യോപ്യൻ എയർലൈൻസ് വിമാനമാണ് പറന്നുയർന്ന ഉടനെ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. ശിഖയുടെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ സഹായം തേടി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് ശിഖയുൾപ്പെടെ അപകടത്തിൽ മരിച്ച മൂന്ന് ഇന്ത്യക്കാരുടെയും കുടുംബങ്ങളുമായി ആശയവിനിമയം നടത്തിയതായി മന്ത്രി അറിയിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam