
ദില്ലി: ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാർ ഇന്ന് നാട്ടിൽ എത്തിയേക്കും. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരെ ഇന്നലെയാണ് മോചിപ്പിച്ചത്. വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കപ്പൽ വിട്ടു നൽകാൻ ജിബ്രാൾട്ടർ സുപ്രീംകോടതിയും ഉത്തരവിട്ടു.
ഇറാന്‍ എണ്ണക്കപ്പലായ ഗ്രേസ് വൺ കസ്റ്റഡിയിലെടുത്ത് നാല്‍പത്തിമൂന്നാം ദിവസമാണ് കപ്പലിലുണ്ടായിരുന്നവരെയും കപ്പലിനെയും വിട്ടയക്കാനുള്ള തീരുമാനമുണ്ടായത്. മലയാളികടക്കം 24 ഇന്ത്യാക്കാരുടെ മോചനം വിദേശകാര്യമന്ത്രാലയമാണ് ആദ്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കപ്പൽ മോചിപ്പിക്കാൻ ജിബ്രാൾട്ടർ സുപ്രീംകോടതിയുടെ തീരുമാനം ഉണ്ടായത്. കപ്പൽ വിട്ടുനൽകരുതെന്ന അമേരിക്കയുടെ ആവശ്യം കോടതി തള്ളി. കാസര്‍കോട് സ്വദേശി പ്രജിത്, വണ്ടൂർ സ്വദേശി സാദിഖ്, ഗുരുവായൂർ സ്വദേശി റെജിൻ എന്നിവരാണ് മോചിതരാകുന്ന മലയാളികൾ.
കഴിഞ്ഞ മാസം നാലിനാണ് ഇറാന്‍ എണ്ണക്കപ്പലായ ഗ്രേസ് വണിനെ ബ്രിട്ടീഷ് നാവിക സേന പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്‍റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തിയെന്നാരോപിച്ചാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് കപ്പല്‍ പിടികൂടിയത്. ജീവനക്കാരായ ഇന്ത്യക്കാരെ വിട്ടയക്കാൻ ഇന്ത്യയും ബ്രിട്ടണും തമ്മില്‍ നയതന്ത്ര ചര്‍ച്ചകളും നടന്നിരുന്നു. കപ്പല്‍ വിട്ടുനല്‍കുന്നതോടെ ഇറാന്‍റെ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പലായ സ്‌റ്റെന ഇംപറോറയും വിട്ടുനല്‍കാനുള്ള സാധ്യത തെളിയുകയാണ്. രണ്ട് മലയാളികളടക്കം 18 ഇന്ത്യാക്കാരാണ് ഈ കപ്പലിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam