
രാമനാഥപുരം: കപ്പലുകൾക്ക് കടന്നുപോകാൻ ഉയർത്താൻ കഴിയുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്ടിങ് കടൽപ്പാലമായ പാമ്പൻ പാലത്തിൽ സാങ്കേതിക തകരാർ. ട്രെയിനുകൾ വൈകിയത് മണിക്കൂറുകൾ. ചൊവ്വാഴ്ച വൈകുന്നേരമാണ് റെയിൽവേ കടൽപ്പാലത്തിലെ വെർട്ടിക്കൽ ലിഫ്റ്റ് തകരാറിലായത്. റെയിൽ വികാസ് നിഗം ലിമിറ്റഡ് പാലത്തിൽ അറ്റകുറ്റ പണികൾക്കായി പാത അടച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 11.10 മുതൽ ഉച്ചകഴിഞ്ഞ് 2.45 വരെയായിരുന്നു ഇത്. എന്നാൽ അറ്റകുറ്റപ്പണിക്ക് ശേഷം പാലത്തിലെ വെർട്ടിക്കൽ സ്പാൻ പണി മുടക്കിയതാണ് ട്രെയിനുകൾ വൈകാൻ കാരണമായത്. രാത്രി 7.55ഓടെയാണ് തകരാറ് പരിഹരിക്കാൻ റെയിൽവേയ്ക്ക് സാധിച്ചത്. നാല് മണിക്കൂറിലേറെയാണ് ട്രെയിനുകൾ വൈകിയത്. ഈ വർഷം ഏപ്രിൽ 6നാണ് 550 കോടി രൂപ ചെലവിട്ട് പണി പൂർത്തിയായ പാമ്പൻ പാലം ഉദ്ഘാടനം ചെയ്തത്.
പാലത്തിലെ സാങ്കേതിക തകരാറിന് പിന്നാലെ മധുരൈ രാമേശ്വരം പാസഞ്ചർ ട്രെയിൻ റദ്ദാക്കി. മണ്ഡപത്തിനും രാമേശ്വരത്തിനും ഇടയിലാണ് ട്രെയിൻ റദ്ദാക്കിയത്. രാമേശ്വരം മധുരൈ പാസഞ്ചർ മണ്ഡപത്ത് നിന്നാണ് സർവ്വീസ് ആരംഭിച്ചത്. രാമേശ്വരം ചെന്നൈ എഗ്മോർ എക്സ്പ്രസ്, രാമേശ്വരം മധുരൈ സ്പെഷ്യൽ ട്രെയിൻ, രാമേശ്വരം താമ്പരം എക്സ്പ്രസ് എന്നിവയും നാല് മണിക്കൂറിലേറെ വൈകിയാണ് സർവ്വീസ് നടത്തിയത്.
പഴയ പാമ്പൻ പാലത്തിന് സമാന്തരമായി 2070 മീറ്റർ നീളത്തിലാണ് പുതിയ റെയിൽപ്പാലം നിർമിച്ചിട്ടുള്ളത്. നിലവിലുള്ള പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരത്തിലാണ് പുതിയ പാലമുള്ളത്. പാലം ഉയര്‍ത്താന്‍ 3 മിനിറ്റും താഴ്ത്താന്‍ 2 മിനിറ്റുമാണ് വേണ്ടത്. 1914 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച പാമ്പനിലെ റെയില്‍വേ പാലത്തിന്റെ അറ്റകുറ്റപണി അസാധ്യമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ പാലം നിർമ്മിച്ചത്. 2.2കിലോമീറ്റർ നീളമുള്ള ഈ പാലം രാമേശ്വരം ദ്വീപിനെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പാലമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം