'വിമാനം ലാൻഡ് ചെയ്തത് ഇന്ധനം തീരാൻ രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോൾ'- ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ് യാത്രക്കാരൻ

By Web TeamFirst Published Apr 15, 2024, 11:49 AM IST
Highlights

6E2702 എന്ന വിമാനം അയോധ്യയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3:25 ന് പുറപ്പെട്ട് 4:30 ന് ഡൽഹിയിൽ എത്തേണ്ടതായിരുന്നുവെന്ന് യാത്രക്കാരനായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ സതീഷ് കുമാർ സോഷ്യൽമീഡിയയിലൂടെ പറഞ്ഞു.

ദില്ലി: അയോധ്യയിൽ നിന്ന് ദില്ലിയിലേക്കുള്ള ഇൻഡിഗോ വിമാനം ചണ്ഡീഗഡിലേക്ക് വഴിതിരിച്ചുവിട്ടപ്പോൾ ലാൻഡ് ചെയ്തത് ഇന്ധനം കത്തിതീരാൻ വെറും രണ്ടോ മൂന്നോ മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണെന്ന് യാത്രക്കാരന്റെ ആരോപണം. ഏപ്രിൽ 13നായിരുന്നു സംഭവം. ഇൻഡിഗോ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) ലംഘിച്ചിരിക്കാമെന്ന് യാത്രക്കാരും വിരമിച്ച പൈലറ്റും ആരോപിച്ചതോടെ സുരക്ഷാ ആശങ്കകൾക്ക് കാരണമായി.

6E2702 എന്ന വിമാനം അയോധ്യയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3:25 ന് പുറപ്പെട്ട് 4:30 ന് ഡൽഹിയിൽ എത്തേണ്ടതായിരുന്നുവെന്ന് യാത്രക്കാരനായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ സതീഷ് കുമാർ സോഷ്യൽമീഡിയയിലൂടെ പറഞ്ഞു. ലാൻഡിംഗിന് ഏകദേശം 15 മിനിറ്റ് മുമ്പ്, ദില്ലിയിലെ മോശം കാലാവസ്ഥ തിരിച്ചടിയായി. വിമാനം നഗരത്തിന് മുകളിലൂടെ പറന്ന് രണ്ട് തവണ ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും  വിജയിച്ചില്ല. വിമാനത്തിൽ 45 മിനിറ്റ് പറക്കാനുള്ള ഇന്ധനം ഉണ്ടെന്ന് പൈലറ്റ് 4:15ന് യാത്രക്കാരെ അറിയിച്ചു. എന്നാൽ ഈ അറിയിപ്പിന് ശേഷം 75 മിനിറ്റിന് കഴിഞ്ഞാണ് വിമാനം 5:30 ന് പൈലറ്റ് ചണ്ഡീഗഢിലേക്ക് വഴിതിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചത്. അപ്പോഴേക്കും  യാത്രക്കാരും ഒരു ക്രൂ സ്റ്റാഫും പരിഭ്രാന്തിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

45 മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രമേയുള്ളൂ എന്ന് പറഞ്ഞ് ഏകദേശം 115 മിനിറ്റിന് ശേഷമാണ് വിമാനം ചണ്ഡിഗഡ് എയർപോർട്ടിൽ ലാൻഡ് ചെയ്തത്. ഇന്ധനം മുഴുവൻ തീരാൻ ഒന്നോ രണ്ടോ മിനിറ്റ് മാത്രമുള്ളപ്പോഴാണ് ലാൻഡ് ചെയ്തതെന്ന് പിന്നീട് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. റിട്ടയേർഡ് പൈലറ്റ് ശക്തി ലുംബ സംഭവത്തിൽ ഇൻഡിഗോയുടേത് ഗുരുതരമായ സുരക്ഷാ ലംഘനമാണെന്നും  ഡിജിസിഎ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. 

click me!