വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ശുചിമുറിയിൽ ഭീഷണിക്കുറിപ്പ്; ഇൻഡിഗോ വിമാനം ബെംഗളൂരുവിൽ തിരിച്ചിറക്കി

Published : Nov 08, 2026, 01:10 AM IST
hijack threat

Synopsis

ബെംഗളൂരുവിൽ നിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിക്കുറിപ്പ് കണ്ടെത്തി. തുടർന്ന് വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി സുരക്ഷാ പരിശോധനകൾ പുരോഗമിക്കുന്നു.

ബെംഗളൂരു: വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയിൽ ഭീഷണിക്കുറിപ്പ് കണ്ടെത്തി. ബെംഗളൂരുവിൽ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്‍റെ ശുചിമുറിയിലാണ് വിമാനം ഹൈജാക്ക് ചെയ്യുമെന്ന കുറിപ്പ് കണ്ടെത്തിയത്. കൃത്യം 6.30ന് വിമാനം തട്ടിക്കൊണ്ടുപോകും എന്നായിരുന്നു ഭീഷണി. തുടർന്ന് വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരികെ ഇറക്കി. വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.

178 യാത്രക്കാരുമായി വൈകുന്നേരം 5:50 ന് ബെംഗളൂരുവിൽ നിന്ന് പറന്നുയർന്ന 6E451 നമ്പർ വിമാനത്തിലെ ശുചിമുറിയിലാണ് ഒരു യാത്രക്കാരൻ ഈ കുറിപ്പ് കണ്ടത്- "ഈ വിമാനം കൃത്യം 06:30-ന് തട്ടിയെടുക്കും. ഇത് അവഗണിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരും". യാത്രക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് ക്യാബിൻ ക്രൂ പൈലറ്റിനെ അറിയിച്ചു. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് മുൻകരുതലെന്ന നിലയിൽ വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിടുകയുമായിരുന്നു.

വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ശേഷം എല്ലാ യാത്രക്കാരെയും പുറത്തിറക്കി സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ വിശദമായ പരിശോധന നടത്തി. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ആരോ തന്നെയാണ് ഈ കുറിപ്പ് വച്ചതെന്നാണ് സംശയം. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ യാത്രക്കാരെ ചോദ്യം ചെയ്തു. ആരാണ് കുറിപ്പ് വച്ചതെന്ന് കണ്ടെത്താനായിട്ടില്ല. സുരക്ഷാ ഏജൻസികളുടെ പൂർണ്ണ പരിശോധനയ്ക്കും അനുമതിക്കും ശേഷം മാത്രമേ വിമാനം വീണ്ടും പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് ഇൻഡിഗോ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നതിങ്ങനെ- "കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബന്ധപ്പെട്ട അധികാരികളെ ഉടൻ തന്നെ വിവരമറിയിക്കുകയും സുരക്ഷാ പരിശോധനകൾക്കായി വിമാനം പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തന്നെ തിരികെ എത്തിക്കാൻ പൈലറ്റുമാർ തീരുമാനിക്കുകയുമായിരുന്നു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഞങ്ങൾ ഖേദിക്കുന്നു. ഭക്ഷണം ഉൾപ്പെടെ എല്ലാവിധ സഹായങ്ങളും യാത്രക്കാർക്ക് നൽകുന്നുണ്ട്".

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിവ് തെറ്റിക്കാതെ മോദി, സൈനികർക്കൊപ്പം ദീപാവലി ആഘോഷം; അയോധ്യയിൽ തെളിഞ്ഞത് 3 ദശലക്ഷം ദീപങ്ങൾ
കർണാടകയിൽ യുവാവിനെ പട്ടാപ്പകൽ വെടിവച്ച് കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികൾ