
ബെംഗളൂരു: കർണാടകയിലെ വിജയപുരയിൽ യുവാവിനെ പട്ടാപ്പകൽ വെടിവച്ച് കൊന്ന സംഭവത്തിൽ മുഖ്യപ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്ത സമീർ മുല്ലയെ ആണ് കാലിൽ വെടിവച്ച് കീഴ്പ്പെടുത്തിയത്. പിടികൂടാൻ എത്തിയപ്പോൾ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് വിശദീകരണം. സംഭവത്തിൽ ആകെ നാല് പ്രതികൾ പൊലീസിന്റെ പിടിയിലായി.
വിജയപുരയിലെ മുണ്ടേവാടി ആശുപത്രിക്ക് മുന്നിൽ യാസീൻ സുബൈർ എന്ന പ്രാദേശിക ഗുണ്ടാ നേതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് നാല് പ്രതികളെ പൊലീസ് പിടികൂടിയത്. കൊലപാതകം ആസൂത്രണം ചെയ്ത മുഖ്യപ്രതി സമീർ മുല്ല ഉൾപ്പെടെയാണ് പിടിയിലായത്. പ്രതികൾ ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയ പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാതെ സമീർ മുല്ല പൊലീസിന് നേരെ നാടൻ തോക്കുപയോഗിച്ച് വെടിയുതിർത്തതോടെയാണ് പൊലീസ് പ്രത്യാക്രമണം നടത്തിയത്. വലതുകാൽ മുട്ടിന് താഴെയാണ് വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സമീർ മുല്ലയെയും ഇയാൾ നടത്തിയ വെടിവയ്പ്പിൽ പരിക്കേറ്റ പൊലീസുകാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട യാസീൻ സുബൈറുമായി പ്രതി സമീർ മുല്ലയ്ക്ക് ഉണ്ടായിരുന്ന പൂർവ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും പൊലീസ് അറിയിച്ചു. മതപരമായ ആഘോഷത്തിനിടെ പാട്ട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യാസീനും കൂട്ടുകാരും സമീറിനെ ആക്രമിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് യാസീൻ സുബൈർ കൊല്ലപ്പെട്ടത്. ഭാര്യയെ ആശുപത്രിയിൽ കാണിക്കാൻ എത്തി മടങ്ങുന്നതിനിടെയായിരുന്നു പ്രതികളുടെ വെടിവയ്പ്പ്. മൂന്നു തവണയാണ് പ്രതികൾ വെടിയുതിർത്തത് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെടിയേറ്റ യാസീൻ സുബൈർ ഭാര്യയുടെ കൺമുന്നിൽ തന്നെ വീണ് മരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വിജയപുരയിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam