
ഐസ്വാൾ: രാഷ്ട്രീയത്തിൽ മാറ്റം ആഗ്രഹിക്കുന്നവരെയെല്ലാം ഒരു കുടക്കീഴിലാക്കി ലാൽഡുഹോമയെന്ന മുൻ ഐ പി എസ് ഉദ്യാഗസ്ഥൻ രൂപീകരിച്ച ഇസഡ് പി എം മിസോറമിൽ കാട്ടിയത് അത്ഭുതമാണ്. മുഖ്യമന്ത്രി സൊറാംതങ്കയും കോൺഗ്രസും എഴുതിതള്ളിയ ഈ പാർട്ടി രൂപീകരിച്ച് നാലുവർഷം ആകുംമുന്നേയാണ് സംസ്ഥാനത്തിന്റെ ഭരണം പിടിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ലാൽഡുഹോമ, ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് രാഷ്ട്രീയ കളരിയിൽ ഇറങ്ങിയത്.
രാഷ്ട്രീയത്തിലിറങ്ങി അധികം വൈകാതെ തന്നെ പാർലമെന്‍റ് അംഗമായി. വിവിധ പൗര സംഘടനകളെ ചേർത്ത് രാഷ്ട്രീയ മാറ്റത്തിനായി പണി തുടങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ച ഇവർ 8 സീറ്റ് നേടി. 2019 ൽ ഇവരെല്ലാം ചേർന്ന് ചെറുപാർട്ടികളെയും എൻ ജി ഒകളെയും ചേർത്ത് മിസോ നാഷണൽ മൂവ്മെന്റ് എന്ന പാർട്ടി വിപുലീകരിച്ചു. ആദ്യപരീക്ഷണം ഈ മാർച്ച് മാസത്തിലായിരുന്നു. മിസോറമിലെ രണ്ടാമത്തെ വലിയ മുനിസിപ്പലിറ്റിയായ ലുംഗ്ലൈയിലെ മുഴുവൻ സീറ്റുകളും പിടിച്ചെടുത്തായിരുന്നു ഇസഡ് പി എം വരവറിയിച്ചത്. ഐസ്വാൾ നഗരത്തിൽ പിന്നെ പ്രധാന ചർച്ച മറ്റൊന്നുമായിരുന്നുല്ല. എല്ലാവരും ഇസഡ് പി എം പാർട്ടിയെക്കുറിച്ച് വലിയ പ്രതീക്ഷകളോടെ സംസാരിക്കാൻ തുടങ്ങി.
ഡോക്ടർമാർ, സിനിമാക്കാർ, വ്ലോഗർമാർ ഇങ്ങനെ മാറ്റം ആഗ്രഹിക്കുന്ന യുവ തലമുറയൊന്നാകെ ഇസഡ് പി എമ്മിൽ അണി നിരന്നു. നഗരത്തിൽ മാത്രം ഒതുങ്ങുന്ന പരീക്ഷണമെന്ന് പറഞ്ഞുകൊണ്ട് ഇസഡ് പി എമ്മിന്‍റെ പ്രസക്തി തള്ളിക്കളയുകയായിരുന്നു മുഖ്യമന്ത്രി സൊറാംതങ്ക. എന്നാൽ മുഖ്യമന്ത്രിയെപ്പോലും കടപുഴക്കിയെറിഞ്ഞ തൂഫാനായി മിസോറമിൽ ലാൽഡുഹോമയും സംഘവും. സത്യപ്രതിജ്ഞയ്ക്ക് മുന്നേ ആദ്യ പ്രഖ്യാപനം എത്തി. കർഷകരുടെ ഉന്നമനവും അഴിമതി ഇല്ലാതാക്കലും പ്രധാന ലക്ഷ്യം. മിസോറമിലെ ആം ആദ്മി പാർട്ടിയെന്ന് വിളിപ്പേരുള്ള ഇസഡ് പി എം തകർത്തുകളഞ്ഞത് മിസോ അതികായനായ സൊറാം തങ്കയേ മാത്രമല്ല. മിസോമണ്ണിൽ തിരിച്ചുവരാനുള്ള കോൺഗ്രസിന്റെ സ്വപ്നങ്ങളെ കൂടിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam