
ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ യാഥാർത്ഥ്യമാകുമെന്നും യുഎസ്. 99 ശതമാനം വിഷയങ്ങളിലും ധാരണയായെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. ബാക്കിയുള്ള ഒരു ശതമാനം വിഷയങ്ങളിലെ തർക്കം പെട്ടെന്ന് തീർക്കാനാണ് ചർച്ചകൾ തുടരുന്നതെന്നും ഏതാനും ആഴ്ചകളിൽ ഇത് പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്നും സെർജിയോ ഗോർ വ്യക്തമാക്കി. മുംബൈയിൽ നടന്ന സിറ്റി ഇൻവെസ്റ്റർ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇത് വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പന്ത്രണ്ടര ശതമാനം താരിഫ് ശുപാർശ ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും യൂറോപ്യൻ യൂണിയൻ, കാനഡ, മെക്സിക്കോ, ജപ്പാൻ ഉൾപ്പെടെ 60-ലധികം രാജ്യങ്ങൾക്ക് ഇത് ബാധകമാണെന്നുമാണ് സെർജിയോ ഗോറിന്റെ വിശദീകരണം. അമേരിക്കയിൽ നിന്നുള്ള സംഘം വ്യാപാരക്കരാറിൽ ഇന്നും ചർച്ച തുടരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam