പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

Published : Jun 04, 2026, 07:38 AM ISTUpdated : Jun 04, 2026, 08:00 AM IST
Bengal Trinamool Congress Issue

Synopsis

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി നേതൃത്വം. തൃണമൂൽ കോൺഗ്രസ് വിമതര ബിജെപി പാർട്ടിയിലേക്ക് ക്ഷണിക്കില്ല. എംഎൽമാരുമായി ധാരണയിൽ മുന്നോട്ടുപോകാനാണ് തീരുമാനം. 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി നേതൃത്വം. പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൻ്റെ വിമത എംഎൽഎമാരെ ബിജെപിയിലേക്ക് ക്ഷണിക്കില്ല. എംഎൽമാരുമായി ധാരണയിൽ മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം തൃണമൂൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിലും വൈകാതെ പിളർപ്പിന് സാധ്യതയുണ്ട്. പാർലമെൻ്റിൽ പ്രത്യേക ബ്ലോക്കായിരിക്കാൻ എംപിമാർ കത്ത് നൽകിയേക്കും.

ഇക്കഴിഞ്ഞ ദിവസമാണ് പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ രജീന്ദ്ര ബോസ് അംഗീകരിച്ചത്. 60 എംഎൽഎമാരുടെ പിന്തുണയാണ് ഋതബ്രത ബാനർജിക്കുള്ളത്. തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് കാട്ടി വിമതർ സ്പീക്കർക്ക് കത്ത് നൽകിയതോടെയാണ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചത്. സഭയിൽ പ്രതിപക്ഷ നേതാവിനുള്ള മുറിയുടെ താക്കോലും സ്പീക്കർ ഋതബ്രത ബാനർജിക്ക് കൈമാറിയിട്ടുണ്ട്.

സംസ്ഥാന ഭരണം നഷ്ടപ്പെട്ടതിന് പുറമേ, പാർട്ടിക്കുള്ളിൽ ഉടലെടുത്ത പ്രതിസന്ധി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് കനത്ത പ്രഹരമായിരിക്കുകയാണ്. മഹരാഷ്ട്രയിൽ ശിവസേനയിൽ ഉണ്ടായ പിളർപ്പിന് സമാനമായ സാഹചര്യമാണ് ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേരിടുന്നത്. സഭയിൽ ഏതാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന തർക്കമാണ് നിലനിൽക്കുന്നത്. അഭിഷേക് ബാനർജിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് വിമതരുടെ പ്രധാന വാദം. 1998ൽ മമത ബാനർജി തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ പിളർപ്പാണ് പാർട്ടിക്കുള്ളിൽ ഉടലെടുത്തിരിക്കുന്നത്.

വിമതർ നീക്കമാരംഭിച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതൃത്വം സംസ്ഥാനത്തെ മുഴുവൻ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടിരുന്നു. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജി, സന്ദീപൻ സാഹ എന്നിവരുടെ നേതൃത്വത്തിലാണ് 58 എംഎൽഎമാർ വിമതശബ്ദം ഉയർത്തുന്നത്. ആകെ 80 എംഎൽഎമാരാണ് തൃണമൂൽ കോൺഗ്രസിനുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉള്ളതിനാൽ കൂറുമാറ്റ നിരോധന നിയമം വിമതർക്ക് മറികടക്കാനാകും.

അതേസമയം ബിജെപിയിലേക്ക് പോകാൻ ഉദ്ദേശ്യമില്ലെന്ന് ഋതബ്രത ബാനർജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിജെപിയും ഇവരെ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല. തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധി തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്. എംഎൽഎമാർക്കിടയിൽ ഉണ്ടായ പിളർപ്പ് എംപിമാർക്കിടയിലും പ്രതിഫലിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ലോക്സഭയിലെ 28 തൃണമൂൽ കോൺഗ്രസ് എംപിമാരിൽ 18 പേരെങ്കിലും പുറത്തേക്ക് വരാൻ തയ്യാറായെന്നാണ് സൂചന. ഇവർ സഭയിൽ പ്രത്യേക ബ്ലോക്കായിരുന്നാൽ പ്രധാനപ്പെട്ട നിയമനിർമാണങ്ങളടക്കം പാസാക്കാൻ ബിജെപിക്ക് എളുപ്പമാകും.

അതിനിടെ, വിമത എംഎൽഎമാരെ കോൺഗ്രസിലേക്ക് ക്ഷണിച്ച്‌ അധിർരഞ്ചൻ ചൗധരി രംഗത്തെത്തി. പാർട്ടിയുടെ അറിവോടെയല്ല ക്ഷണമെന്ന് എഐസിസി വ്യക്തമാക്കി. തിങ്കളാഴ്ച മമത ബാനർജി ദില്ലിയിൽ എത്തുന്നുണ്ട്. ഇന്ത്യ സഖ്യത്തിൻ്റേതെന്ന പേരിൽ യോഗം വിളിക്കാനും മമത തീരുമാനിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലി തീപിടുത്തം: വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ; ഇവരെത്തിയത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോ​ഗിയെ കാണാൻ
ഇന്ത്യ മുഴുവൻ വൈറലായ സൈനികന്‍റെ പ്രണയാഭ്യർത്ഥന, കടുത്ത നടപടി നേരിടാൻ പോകുന്നതായി റിപ്പോർട്ട്; സൈനിക ചട്ടങ്ങളുടെ ലംഘനമെന്ന് ചർച്ച