വായുമലിനീകരണത്തിന് കാരണം വ്യാവസായിക മാലിന്യങ്ങളും ട്രാഫികും; മോദിക്ക് കത്തെഴുതി അമരിന്ദര്‍ സിങ്

By Web TeamFirst Published Nov 2, 2019, 10:30 PM IST
Highlights
  • ദില്ലിയിലെ വായുമലിനീകരണത്തിന് കാരണം വ്യാവസായിക മാലിന്യങ്ങളും അമിതമായ ട്രാഫികുമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി.
  • ദില്ലിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ, സ്കൂളുകള്‍ക്ക് അവധി.

ഛണ്ഡീഗഢ്: ദില്ലിയിലെ വായുമലിനീകരണത്തിന് കാരണം വന്‍തോതില്‍ പുറന്തള്ളുന്ന വ്യാവസായിക മാലിന്യങ്ങളും അനിയന്ത്രിതമായ ട്രാഫികും അമിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണെന്ന് പ‍ഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിലാണ് അമരിന്ദര്‍ സിങ് ഇക്കാര്യം അറിയിച്ചത്. 

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതാണ് ദില്ലിയിലെ വായുമലിനീകരണത്തിന് കാരണമെന്ന് അരവിന്ദ് കെജ്‍രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വായുമലിനീകരണത്തിനോടൊപ്പം അന്തരീക്ഷത്തില്‍ വിഷമയമായ പുക കലരുന്നതിന് വൈക്കോല്‍ കത്തിക്കുന്നത് കാരണമാകുന്നുണ്ടെന്നും പക്ഷേ വായുമലിനീകരണം വ്യാവസായിക മാലിന്യങ്ങള്‍ പുറന്തള്ളുന്നതും അമിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനിയന്ത്രിതമായ ട്രാഫികും കൊണ്ടാണെന്നും അമരിന്ദര്‍ സിങ് പറഞ്ഞു. ദില്ലിയിലെ വായുമലിനീകരണം രാഷ്ട്രീയ മുതലെടുപ്പിനായുള്ള അവസരമായി കാണാതെ ദില്ലിക്കു വേണ്ടി കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രൂക്ഷമായ വായുമലിനീകരണത്തെത്തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദില്ലിയിൽ ഓഫീസുകളുടെ പ്രവർത്തനസമയം മാറ്റിയിരുന്നു. 21 സർക്കാർ ഓഫീസുകളുടെ സമയം രാവിലെ 10.30 മുതൽ വൈകിട്ട് 7 മണി വരെയാക്കി. ബാക്കിയുള്ളവ രാവിലെ 9.30 മണി മുതൽ വൈകിട്ട് 6 മണി വരെ പ്രവർത്തിക്കും. ശൈത്യകാലം തുടങ്ങാറായതിനാൽ അതിരാവിലെ വായുമലിനീകരണത്തോത് ഗുരുതരമായി കൂടുന്ന സാഹചര്യത്തിലാണ് ഓഫീസ് സമയക്രമം മാറ്റിയിരിക്കുന്നത്. ബുധനാഴ്ച വരെയാണ് സ്കൂളുകൾക്ക് സ‍ർക്കാർ അവധി നൽകിയിരിക്കുന്നത്. നഗരത്തിലെ 37 വായു മലിനീകരണ നീരീക്ഷണ കേന്ദ്രങ്ങളിൽ അതീവഗുരുതരമായ വായു മലിനീകരണ സൂചികയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.    

click me!