
ബാങ്കോക്ക്: തീവ്രവാദത്തിനെതിരായ ശക്തമായ സന്ദേശമായിരുന്നു കശ്മീര്‍ പുനസംഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാങ്കോക്കില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആസിയാന്‍ കരാറിന് മുന്നോടിയായി മൂന്ന് ഉച്ചകോടികളില്‍ പങ്കെടുക്കാനാണ് മോദി ബാങ്കോക്കിലെത്തിയത്
സ്വാസ്തി പിഎം മോദി എന്ന പരിപാടി സംഘടിപ്പിച്ചാണ് ഇന്ത്യന്‍ സമൂഹം ബാങ്കോക്കില്‍ നരേന്ദ്രമോദിയെ സ്വാഗതം ചെയ്തത്. തായ്‍ലന്‍റുമായുള്ള ഊഷ്മള ബന്ധം പ്രസംഗത്തിലുടനീളം ഉയര്‍ത്തിക്കാട്ടിയ മോദി തന്‍റെ സര്‍ക്കാരിനെ കുറിച്ചും വാചാലനായി. ഭരണഘടന അനുച്ഛേദം റദ്ദാക്കിയത് ഭിന്നതക്കെതിരെ കൂടിയുള്ള സന്ദേശമായിരുന്നുവെന്ന് മോദി പറഞ്ഞു. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്കെത്താന്‍ ഇന്ത്യ കഠിനാധ്വാനം ചെയ്യുകയാണ്. തന്‍റെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തില്ലെന്നാണ് ചിലര്‍ ധരിച്ചതെന്നും മോദി പ്രസംഗത്തിൽ പരിഹസിച്ചു.
തിങ്കളാഴ്ച ആര്‍സിഇപി രൂപീകരണ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യ ഇപ്പോല്‍ കരാറിലേക്ക് നീങ്ങില്ലെന്നാണ് സൂചന. ചില വിഷയങ്ങളില്‍ വ്യക്തത വരുത്തിയ ശേഷം ജൂണിലാകും കരാറില്‍ ഒപ്പിടുക. അതേ സമയം കരാറില്‍ ഒപ്പിട്ടാല്‍ ദുരന്തമാകും ഫലമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ആര്‍സിഇപിക്ക് പുറമെ ആസിയാന്‍, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചകോടിയോടെ ആര്‍സിഇപി കരാര്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ്. ആർസിഇപി കരാറിലെ അവ്യക്തതകൾ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായി 16 രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെ യോഗവും ബാങ്കോക്കിൽ നടക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam