കോട്ടയില്‍ ശിശുമരണം തുടരുന്നു; ഡിസംബറിൽ മാത്രം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 100

By Web TeamFirst Published Jan 2, 2020, 9:37 AM IST
Highlights

പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്ന പ്രധാന കാരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് ദുലാര പറഞ്ഞു. 

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയിലെ ജെ കെ ലോണ്‍ ആശുപത്രിയിൽ കഴിഞ്ഞ രണ്ടുദിവസത്തിനിടെ മരണപ്പെട്ടത് ഒമ്പത് കുഞ്ഞുങ്ങൾ. ഇതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്. ജനന സമയത്ത് ഭാരം കുറവായതിനാലാണ് കുട്ടികൾ പ്രധാനമായും മരിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

സർക്കാർ ആശുപത്രിയിൽ കുട്ടികൾ വ്യാപകമായി മരിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഡിസംബർ 23, 24 ദിവസങ്ങളിൽ 48 മണിക്കൂറിനുള്ളിൽ 10 കുട്ടികളാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ മരിച്ചത്. ഇതിനെ തുടർന്ന് ദേശീയ ശിശു സംരക്ഷണ കമ്മീഷനടക്കം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഡിസംബര്‍ 30ന് നാല് കുട്ടികളും 31ന് അഞ്ച് കുട്ടികളുമാണ് മരിച്ചത്. പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്ന പ്രധാന കാരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് ദുലാര പറഞ്ഞു. അതേസമയം, 2014ല്‍ 1,198 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നും ഇത് താരതമ്യം ചെയ്യുമ്പോള്‍ 2019ല്‍ ശിശുമരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ശിശുമരണം വ്യാപകമായി റിപ്പോർട്ട് ചെയ്തതോടെ എംപി ലോകേത് ചാറ്റർജി, കാന്ത കാർഡം, ജാസ്കൌർ മീന എന്നിവർ ഉൾപ്പെട്ട ബിജെപി പാർലമെന്ററി സംഘം ആശുപത്രി സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രണ്ടും മൂന്നും കുട്ടികളെ ഒറ്റ കിടക്കയിൽ കണ്ടെത്തിയതായും ആശുപത്രിയിൽ വേണ്ടത്ര നഴ്‌സുമാർ ഇല്ലെന്നും സമിതി അറിയിച്ചു. നേരത്തെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ആശുപത്രി പരിസരത്ത് പന്നികൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. 

click me!