പുതുവർഷത്തിൽ ദില്ലിയുടെ സർഗ്ഗാത്മക പ്രതിരോധം, സ്ത്രീശക്തിയുടെ ഷഹീൻ ബാഗ്

By Web TeamFirst Published Jan 2, 2020, 7:48 AM IST
Highlights

പുതുവർഷ ദിനത്തിൽ ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ ഇടത് സാംസ്കാരിക സംഘടനയായ സഹ്‍മത് നടത്തിയ സമരം കലയുടെ പ്രതിരോധമായിരുന്നു. കടലോളം പ്രതിഷേധം കലയിലൂടെ എഴുതിയും പാടിയും നാടകത്തിലൂടെയും വരച്ചിടാൻ അവരെത്തി.

ദില്ലി: ജാമിയ മിലിയ സർവകലാശാലയിലെ റിലേ നിരാഹാര സമരം ഇന്ന് ഇരുപത്തിയൊന്നാം ദിവസത്തിലേക്ക്. ഷഹീൻ ബാഗിൽ സ്ത്രീകളുടെ സമരവും സജീവം. പുതുവർഷദിനത്തിൽ ദില്ലി കലയിലൂടെ പ്രതിരോധം തീർക്കുകയായിരുന്നു. 

ജാമിയ മിലിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഇന്നലെ ബോളിവുഡ് താരം സ്വരാ ഭാസ്കർ ഉൾപ്പടെയുള്ളവർ എത്തി. പൂർവ്വ വിദ്യാർത്ഥി സംഘടനകൾ മെഴുകുതിരി തെളിച്ചാണ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

നാളെ ഷഹീൻ ബാഗിൽ വനിതകൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ജെഎൻയു വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തും. പുതുവർഷദിനത്തെ ദേശീയഗാനം പാടിയാണ് ഷഹീൻ ബാഗിലെ സമരക്കാർ എതിരേറ്റത്. 

: പുതുവർഷദിനത്തിൽ ഷഹീൻ ബാഗിലെ സ്ത്രീകൾ (ചിത്രം: ഗെറ്റി ഇമേജസ്, Getty Images)

ഇതിനിടെ, അലിഗഢ് സർവകലാശാലയുടെ ശൈത്യകാല അവധി നീട്ടിയതായി സർവകലാശാലാ അധികൃതർ. ജനുവരി ആറിന് ക്ലാസുകൾ തുടങ്ങില്ല. തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സർവകലാശാല തുറന്നാൽ വീണ്ടും സമരം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

കലയുണ്ട്, കടലോളം പ്രതിഷേധവും

പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിൽ സർഗാത്മക പ്രതിരോധം തീർത്ത ഒരു കൂട്ടം കലാകാരന്മാരുടെ പ്രതിഷേധം ശ്രദ്ധേയമായി. ഇടത് സാംസ്കാരിക സംഘടന സഹ്‍മത്തിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നൽകിയിട്ടുണ്ട്. ഈ പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാനാണ്. തെരുവിലിറങ്ങുമ്പോൾ ലാത്തി കൊണ്ട് അടിച്ചമർത്താൻ നോക്കിയാൽ പുതുവഴികൾ തേടും. പാടിയും ആടിയും നടിച്ചും വരച്ചും പ്രതിഷേധച്ചൂട് അണയാതെ കാക്കും. ദില്ലിയിൽ സഹ്മത്തിലെ കലാകാരൻമാർ മുന്നോട്ട് വയ്ക്കുന്ന ആശയം ഇതാണ്.

ഇന്ത്യയുടെ മതേതരവൈവിധ്യത്തിന്‍റെ പാട്ടുകളുമായാണ് ചിലർ വേദിയിലെത്തിയത്. 'വരൂ. നമുക്ക് കൈകോർത്ത് നിൽക്കാം. ആ ദിനം നമ്മൾ കാണുക തന്നെ ചെയ്യും', എന്ന് പാട്ടുകളിലൂടെ അവർ. 

'ഇവരെല്ലാം അസമിലെ എന്‍റെ സഹോദരങ്ങളാണ്. എല്ലാവരും ഇന്ത്യക്കാർ. ഇവരുടെ പൗരത്വം ചോദ്യം ചെയ്യാൻ നിങ്ങളാരാ'ണെന്നാണ് ജ്യോതിലാൽ ചിത്രങ്ങളിലൂടെ ചോദിക്കുന്നത്.

: സഹ്മത്തിന്‍റെ വേദിയിലെ ജ്യോതിലാലിന്‍റെ ചിത്രങ്ങൾ (ചിത്രം: വസീം സെയ്ദി, ക്യാമറാമാൻ, ദില്ലി ബ്യൂറോ)

എതിർ സ്വരങ്ങളെ ഭരണകൂടം അടിച്ചമർത്തുമ്പോൾ അതിനെതിരെ മതിൽ തീർക്കേണ്ടതാണ് പൗരന്‍റെ കടമയെന്ന് പ്രമുഖ രാഷ്ട്രീയനിരീക്ഷകനും ഇടത് ചിന്തകനുമായ പ്രഭാത് പട്നായിക് പറയുന്നു:

''സർക്കാർ ഭരണഘടനക്ക് എതിരാകുമ്പോൾ ജനങ്ങൾ ഇറങ്ങും. വിജയിക്കുന്നത് വരെ അവർ പോരാടുകയും ചെയ്യും''.

click me!