'മുസ്‍ലിം വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു'; പൊലീസിന്‍റേയും വിസിയുടേയും വീഴ്ച അക്കമിട്ട് നിരത്തി ഐഷി

By Web TeamFirst Published Jan 6, 2020, 6:13 PM IST
Highlights

മൂന്നരയോടെ അജ്ഞാതര്‍ ക്യാംപസില്‍ തമ്പടിക്കുന്നുണ്ടെന്നും സുരക്ഷിതരായി തോന്നുന്നില്ലെന്നും പൊലീസിനെ അറിയിച്ചു. ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടെന്നും പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എസിപിയോടും വിവരം അറിയിച്ചിരുന്നു. 

ദില്ലി: ജെഎന്‍യുവില്‍ ഇന്നലെ നടന്ന അക്രമസംഭവങ്ങളില്‍ പൊലീസിനെതിരേയും വിസിക്കെതിരേയും രൂക്ഷ വിമര്‍ശനവുമായി ഐഷി ഘോഷ്. ജെഎന്‍യു ക്യാംപസിനുള്ളില്‍ അജ്ഞാതരായവര്‍ കടന്ന വിവരം നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നുവെന്ന് ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ്. ഇന്നലെ ഉച്ച കഴിഞ്ഞപ്പോള്‍ മുതല്‍ ക്യാംപസിലുള്ള ചിലരും പുറത്ത് നിന്നുള്ള ചിലരും ചേര്‍ന്ന് ചില കുട്ടികളെ ഉന്നമിട്ട് മര്‍ദിക്കുന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നു. മുസ്‍ലിം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ആക്രമിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ യൂണിയനില്‍ പരാതി നല്‍കിയിരുന്നു.

വസന്ത്കുന്‍ജ് പൊലീസ് സ്റ്റേഷന്‍ എസ് ഐയെ അറിയിച്ചിരുന്നു. മൂന്നരയോടെ അജ്ഞാതര്‍ ക്യാംപസില്‍ തമ്പടിക്കുന്നുണ്ടെന്നും സുരക്ഷിതരായി തോന്നുന്നില്ലെന്നും പൊലീസിനെ അറിയിച്ചു. ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടെന്നും പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എസിപിയോടും വിവരം അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികളും പുറത്തുനിന്നുള്ളവരും ആയുധങ്ങളുമായി ക്യാംപസിലെത്തിയ വിവരം സര്‍വ്വകലാശാല പ്രതിനിധിയായിട്ടാണ് പൊലീസിനെ അറിയിച്ചത്.

പക്ഷേ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഒരു നടപടി പോലുമുണ്ടായില്ല. എങ്ങനെയാണ് പുറത്ത് നിന്നുള്ള ആളുകള്‍ സര്‍വ്വകലാശാലയില്‍ അയുധങ്ങളോടെ പ്രധാന ഗേറ്റ് വഴി കടന്നതെന്ന് പൊലീസ് വിശദമാക്കണം. ഇരുമ്പ് ദണ്ഡ് അടക്കമുള്ള ആയുധങ്ങള്‍ എങ്ങനെയാണ് ക്യാംപസിലെത്തിയത്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ തെളിവുകള്‍ വിശദമാക്കുന്നുണ്ട് ആക്രമണം ആസൂത്രിതമായിരുന്നെന്നും. അത് ചിലരെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും ഐഷി ഘോഷ് എന്‍ടി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദമാക്കി. വിസിക്ക് സംഭവത്തിലുള്ള പങ്ക് വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെ വ്യക്തമായതാണെന്നും വിസി ആ സ്ഥാനത്തിന് അര്‍ഹനല്ല, ഉടന്‍ രാജി വക്കണമെന്നും ഐഷി ഘോഷ് ആവശ്യപ്പെട്ടു. 

click me!