എതിര്‍ക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ശ്രമം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയ

By Web TeamFirst Published Jan 6, 2020, 5:04 PM IST
Highlights

ജെഎൻയുവിൽ നടന്നത് മോദി സർക്കാരിന്റെ സഹായത്തോടെയുള്ള ഗുണ്ടാ ആക്രമണമെന്ന് സോണിയ ഗാന്ധി. ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

ദില്ലി: ജെഎന്‍യു സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എതിർക്കുന്നവരുടെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സോണിയ ഗാന്ധി വിമര്‍ശിച്ചു. മോദി സർക്കാരിന്റെ സഹായത്തോടെയാണ് ഗുണ്ടകൾ വിദ്യാർത്ഥികൾക്കെതിരെ ആക്രമം അഴിച്ച് വിട്ടതെന്നും സോണിയ ആരോപിച്ചു. ജെഎൻയുവിലെ അക്രമത്തെക്കുറിച്ച് സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.

ജെഎന്‍യു സര്‍വകലാശാലയിൽ ഇന്നലെ നടന്ന ആക്രമണത്തില്‍ വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഐഷിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഐഷിക്ക് തലയ്ക്ക് ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. സ‍ര്‍വ്വകലാശാലയിലെ മറ്റൊരു എസ്എഫ്ഐ നേതാവ് സൂരിയടക്കം നിരവധി വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. 

സബര്‍മതി ഹോസ്റ്റലിനുള്ളിലും അക്രമി സംഘം കടന്നുകയറി ആക്രമണം നടത്തി. ഹോസ്റ്റൽ അടിച്ചുതകര്‍ത്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മാരകായുധങ്ങളുമായാണ് ഇവര്‍ ആക്രമിച്ചത്. ആക്രമണത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് ഗുണ്ടകളെ സഹായിക്കുകയാണെന്ന് അധ്യാപകര്‍ ആരോപിച്ചു. അധ്യാപകര്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടയിലായിരുന്നു സംഘടിത ആക്രമണം നടന്നത്. 

പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ നാളുകളായി സര്‍വകലാശാലയിൽ സമരം നടക്കുന്നുണ്ടായിരുന്നു. ഇന്നലെ അധ്യാപകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. 

click me!