
ബെംഗളൂരു: കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിൻ്റെ ദേഹത്ത് കറുത്ത മഷി ഒഴിച്ചു. ബെംഗളൂരു പ്രസ് ക്ലബിൽ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ചിലര്‍ ഹാളിലേക്ക് എത്തി രാകേഷ് ടിക്കായത്തിൻ്റെ ദേഹത്ത് മഷിയൊഴിച്ചത്. കര്‍ഷകസംഘടനകൾ തമ്മിലുള്ള തര്‍ക്കമാണ് അക്രമസംഭവങ്ങൾക്ക് കാരണമായതെന്ന് പൊലീസ് അറിയിച്ചു. കർണാടകയിലെ കർഷക നേതാവ് കൊടിഹള്ളി ചന്ദ്രശേഖറിന്റെ അനുയായികളാണ് മഷി ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
മഷിയൊഴിച്ചതിനെ പിന്നാലെ കര്‍ഷകസംഘം പ്രവര്‍ത്തകരും കൊടിഹള്ളി ചന്ദ്രശേഖറിൻ്റെ അനുയായികളും തമ്മിൽ സംഘര്‍ഷമുണ്ടായി. വാര്‍ത്തസമ്മേളന വേദിയിൽ പരസ്പരം തല്ലിയ അണികൾ കസേരയെടുത്ത് അടിക്കുകയും വലിച്ചെറിയുകയും ചെയ്തു.
കർഷക പ്രക്ഷോഭത്തിൻറെ പേരിൽ ടികായത്ത് പണം തട്ടിയെന്ന് നേരത്തെ ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് ടികായത്ത് വാർത്താസമ്മേളനം വിളിച്ചത്. കർണാടക പൊലീസാണ് പ്രശ്നം വഷളാക്കിയതെന്നും സുരക്ഷാ ഭീഷണിയുണ്ടായിട്ടും തനിക്ക് വേണ്ടത്ര സംരക്ഷണം പൊലീസ് തന്നില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. സംഭവത്തെ അപലപിച്ച് സംയുക്ത കിസാൻ മോർച്ച രംഗത്ത് എത്തി.കർഷക മുന്നേറ്റത്തെ അംഗീകരിക്കാനാകാത്തവരാണ് പിന്നിലെന്ന് സംഘടന ആരോപിച്ചു. കൊടിഹള്ളി ചന്ദ്രശേഖർ നേരത്തെ ആം ആദ്മിയിൽ ചേർന്നിരുന്നു.
ശനിയാഴ്ച ബെംഗളൂരു പ്രസ് ക്ലബിൽ വാര്‍ത്താ സമ്മേളനം നടത്താൻ എത്തിയ കൊടിഹള്ളി ചന്ദ്രശേഖറിന് നേരെ ജെഡിഎസ് പ്രവര്‍ത്തകര്‍ മഷിയൊഴിക്കാൻ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായിരുന്നു. സംഭവത്തിൽ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇതേ സ്ഥലത്ത് വച്ച് രാകേഷ് ടിക്കായത്തിൻ്റെ ദേഹത്ത് മഷിയൊഴിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam