
ദില്ലി: ഝാൻസിയിലെ ട്രെയിനിനുള്ളിൽ കന്യാസ്ത്രീകൾ അതിക്രമത്തിനിരയായ സംഭവത്തിൽ യുപി റെയിൽവേ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് വ്യക്തമാക്കാൻ പൊലീസ് തയ്യാറായിട്ടില്ല. അതെ സമയം അന്വേഷണം അട്ടിമറിയ്ക്കപ്പെട്ടോയെന്ന ആശങ്കയിലാണ് അതിക്രമത്തിന് ഇരയായ കന്യാസ്ത്രീകൾ.
ഝാൻസി റെയിൽവേ പൊലീസ് സൂപ്രണ്ടായിരുന്നു മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയത് എബിവിപി പ്രവർത്തകരാണെന്ന് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ബിജെപിയെ പ്രതിരോധിത്തിലാക്കി. സംഭവത്തിൽ ക്രൈസ്തവ സഭകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തി.
എന്നാൽ പ്രസ്താവന തള്ളിയ കേന്ദ്ര റെയിൽ മന്ത്രി പീയുഷ് ഗോയൽ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പട്ടിട്ടില്ലെന്ന് പ്രതികരിച്ചു. ഈ വിവാദം തുടരുന്നതിനിടെയാണ് യുപി പൊലീസിന്റെ റെയിൽവേ വിഭാഗം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
കന്യാസ്ത്രീകൾ നൽകിയ പരാതിയിൽ റെയിൽവെ പൊലീസ് എസ്പി സൗമിത്ര യാദവിനായിരുന്നു അന്വേഷണ ചുമതല. പരാതിയിൽ കന്യാസ്ത്രീകളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ പുറത്തു വന്ന ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും ശേഖരിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ റിപ്പോർട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ പ്രതികരിക്കുമെന്ന് സൗമിത്ര യാദവ് വ്യക്തമാക്കി. എന്നാൽ കേസ് അന്വേഷണത്തിന്റെ തുടർച്ചയെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് തിരുഹൃദയ സഭയുടെ ദില്ലി പ്രൊവിൻഷ്യൽ പിആർഒയുടെ പ്രതികരണം.