Latest Videos

16 വര്‍ഷം ജയിലില്‍ കഴിഞ്ഞ മൂന്ന് പേരെ മോചിപ്പിക്കരുതെന്ന് യുപി; വാദം അപഹാസ്യമാണെന്ന് സുപ്രീം കോടതി

By Web TeamFirst Published Mar 31, 2021, 9:19 AM IST
Highlights

കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം മോശമാണെന്നും അവരെ തുറന്നുവിടരുതെന്നും സുപ്രീം കോടതിയില്‍ യുപി സര്‍ക്കാര്‍ വ്യക്തമാക്കി.
 

ദില്ലി: 16 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ തടവുകാര്‍ക്ക് മോചനം നല്‍കരുതെന്നാവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം അപഹാസ്യമാണെന്ന് സുപ്രീം കോടതി. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം മോശമാണെന്നും അവരെ തുറന്നുവിടരുതെന്നും സുപ്രീം കോടതിയില്‍ യുപി സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, മൂന്ന് തടവുകാര്‍ക്കും സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

കുറ്റവാളികളുടെ മോചന ഹര്‍ജിയെ എതിര്‍ത്ത സര്‍ക്കാറിനെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ട്യയാണ് സര്‍ക്കാറിന് വേണ്ടി ഹാജരായത്. സത്യവാങ്മൂലം പുനപ്പരിശോധിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

'ഇതുപോലെ സര്‍ക്കാര്‍ പെരുമാറുന്നത് കോടതിക്ക് ബുദ്ധിമുട്ടാണ്. അവര്‍ പരോള്‍ പോലുമില്ലാതെ 16 വര്‍ഷം ജയിലില്‍ കഴിഞ്ഞു. സര്‍ക്കാര്‍ നയം മാറ്റുകാണെങ്കില്‍ അത് യഥാര്‍ത്ഥ ഉദ്ദേശത്തോടുകൂടിയാകണം. കുറ്റവാളികളുടെ ഹര്‍ജി വീണ്ടും പരിഗണിക്കണം'-കോടതി നിര്‍ദേശിച്ചു. കുറ്റവാളികളുടെ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലം മോചനത്തിന് അനുയോജ്യമല്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍, സര്‍ക്കാറിന്റെ വാദം അപഹാസ്യമാണെന്ന് കോടതി വ്യക്തമാക്കി.

പരോള്‍ ഇല്ലാതെ 16 വര്‍ഷം ജയിലില്‍ കഴിഞ്ഞ കുറ്റവാളികള്‍ മറ്റെന്തെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടുണ്ടോ എന്ന ചോദ്യം ഉയര്‍ന്നുവരാത്തതിനാല്‍ അപേക്ഷ തള്ളാനുള്ള സര്‍ക്കാറിന്റെ കാരണം അപഹാസ്യമാണെന്നും കോടതി വ്യക്തമാക്കി. കുറ്റവാളികളുടെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ കോടതി നാലാഴ്ച സമയം നല്‍കി. കൊലപാതക്കുറ്റത്തിനാണ് പ്രതികള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.
 

click me!